അമ്മ ഹിന്ദു, വാപ്പ മുസ്ലീം, ഞങ്ങള്‍ക്ക് രണ്ടു മതം, പക്ഷെ ഞങ്ങള്‍ ഇന്ത്യയുടെ മക്കള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞുമക്കളുടെ പ്രതിഷേധം
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. നിരവധിപേര്‍ വ്യത്യസ്ത പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. ഇപ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളില്‍ ശ്രദ്ധനേടുകയാണ് മലപ്പുറം എടപ്പാളില്‍ നിന്നുള്ള രണ്ട് കുഞ്ഞുമക്കള്‍. തങ്ങളുടെ മാതാപിതാക്കള്‍ക്ക് രണ്ട് മതമാണെന്നും, എന്നാല്‍ ഞങ്ങള്‍ ഇന്ത്യയുടെ മക്കളാണെന്നും പറഞ്ഞുകൊണ്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് ഈ കുരുന്നുകള്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നത്.
11 വയസുള്ള അയനും ആറ് വയസ് മാത്രമുള്ള ഐയിഷയുമാണ് പൗരത്വ ബില്ലിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തിയ മക്കള്‍. എടപ്പാള്‍ സ്വദേശികളാണ് ഇവര്‍. ധന്യയാണ് ഇവരുടെ അമ്മ. അബിദ് ആണ് ഇവരുടെ വാപ്പ. ഈ വേറിട്ട പ്രതിഷേധം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വന്‍ ഹിറ്റാണ്. കേന്ദ്രത്തിന്റെ വായടപ്പിക്കുന്ന പ്രതിഷേധം എന്ന തലത്തിലാണ് സംഭവം വൈറലാകുന്നത്.