തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പൊലീസ്. അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.
അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മുട്ടത്തറ- ഈഞ്ചക്കൽ സർവീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്.
ബൈക്കിൽ കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടുവെന്ന് സംശയം പ്രകടിപ്പിച്ച യുവാവിനെ സ്റ്റേഷനിൽ എത്തിച്ചു. രാത്രി 12.30ന് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ രണ്ട് പുരുഷന്മാർ ഒരു സ്കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിന്റെ മൊഴിയെടുക്കുന്നത്.
കുട്ടിയെ വാഹനത്തിൽ കൊണ്ടുപോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. സ്റ്റേഷനിലെത്തിയ കുടുംബം ഇക്കാര്യം പൊലീസിനെ അറിയിച്ചു. കുടുംബം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. അതേസമയം, തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ട് വയസുകാരിയെ കാണാതായിട്ട് 12 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസും നാട്ടുകാരും.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നിരിക്കുന്നത്. നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയുംട കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു.
സംഭവത്തിൽ യാതൊരു വിധത്തിലുള്ള ആശ്വാസവാർത്തയും ഇതുവരെ എത്തിയിട്ടില്ല. സഹോദരങ്ങൾ പറയുന്ന മൊഴിയിൽ വൈരുദ്ധ്യവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. കൂടാതെ, തട്ടിക്കൊണ്ടു പോകൽ ഉറപ്പിക്കാത്ത നിലപാടിലാണ് പൊലീസും ഉളളത്. രാവിലെയാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും യാതൊരു വിധത്തിലുളള തെളിവും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവർക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൊഴികളിലെ ആശയക്കുഴപ്പമാണ് പൊലീസിനെ വെട്ടിലാക്കുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.