ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊന്ന അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ; ഒരുലക്ഷം രൂപ പിഴ

തളിപ്പറമ്പ്: കണ്ണൂർ തയ്യിൽ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെങ്കിലും സ്വന്തം കുഞ്ഞിനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസാണ്, അതുകൊണ്ടുതന്നെ ജീവപര്യന്തം തടവ് വിധിക്കുന്നു എന്നാണ് കോടതി പറഞ്ഞത്.

2020 ഫെബ്രുവരി 17-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭർത്താവുമായി പിരിഞ്ഞുതാമസിച്ചിരുന്ന ശരണ്യ, ആൺസുഹൃത്ത് നിധിനൊപ്പം ജീവിക്കുന്നതിന് തടസ്സമാകും എന്ന് കണ്ടാണ് ഒന്നരവയസ്സുള്ള മകൻ വിയാനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, കുഞ്ഞിനെ അയാളുടെ അടുത്തുകിടത്ത് ഉറക്കിയ ശരണ്യ, എല്ലാവരും ഉറങ്ങിയ ശേഷം കുഞ്ഞിനെ എടുത്തു പുറത്തുകൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.

രണ്ടുതവണയാണ് ശരണ്യ കുഞ്ഞിനെ കടലിൽ എറിഞ്ഞത്. ആദ്യം കടലിലേക്ക് എറിഞ്ഞെങ്കിലും കുഞ്ഞ് മരിച്ചില്ല, കരച്ചിലിന്റെ ശബ്ദം കേട്ടതോടെ വീണ്ടുമെത്തി കുഞ്ഞിനെയെടുത്ത് കടൽ ഭിത്തിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയാണ് ഉണ്ടായത്. കേസിൽ രണ്ടാംപ്രതിയായ ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ തെളിവുകളുടെ അഭാവം മൂലം കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചാർത്തിയിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News