കൊല്ലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ നാല് വയസുകാരിയ്ക്ക് ദാരുണാന്ത്യം. കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി. രക്തം ചര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കുട്ടി മരിച്ചത്. കൊല്ലം പാരിപ്പള്ളിയില്‍ വാടകക്ക് താമസിക്കുന്ന വര്‍ക്കല സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കഴക്കൂട്ടത്ത് വെച്ചാണ് കുഞ്ഞിന്റെ മരണം. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. രക്തം ചര്‍ദ്ദിച്ചാണ് കുഞ്ഞ് മരിച്ചത്. ഏതെങ്കിലും തരത്തില്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരിക്കാം എന്ന നിഗമനത്തിലേക്കാണ് പൊലിസും എത്തിച്ചേരുന്നത്.
കുഞ്ഞിന്റെ അമ്മയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഹാരം കഴിക്കാത്തത് കൊണ്ട് കുഞ്ഞിനെ ചെറുതായി മര്‍ദ്ദിച്ചുവെന്നാണ് അവര്‍ മൊഴി നല്‍കിയിരിക്കുന്നത്. പനി ആയിരുന്ന കുട്ടിയെ ഭക്ഷണം കഴിക്കാത്തതിന് കമ്പ് വെച്ച് അടിച്ചതായാണ് അമ്മ പറഞ്ഞതെന്ന് പിതൃസഹോദരി പറഞ്ഞു. ആശുപത്രിലേക്ക് സഹോദരന്‍ വിളിച്ചിട്ടാണ് പോയത്. കുഞ്ഞിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ കണ്ടതായും അവര്‍ പറയുന്നു.