കൊച്ചി: കോട്ടയത്ത് കുഞ്ഞിനെ തട്ടിയെടുത്തതിനു പൊലീസ് പിടിയിലായ നീതുരാജ്, കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന ഫ്ലാറ്റ് സമീപവാസികളോട് പറഞ്ഞിരുന്നതെല്ലാം നുണ. ക്രൈംബ്രാഞ്ചിൽ പൊലീസുകാർക്കു ക്ലാസെടുക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നും പറഞ്ഞു.
ഭർത്താവ് നാട്ടിൽ ഇല്ലാത്തപ്പോൾ തുടർച്ചയായി ആളുകൾ വരുന്നതും രാത്രി മുഴുവൻ ഉച്ചത്തിൽ പാട്ടു വച്ചു ഡാൻസും ബഹളവുമായതോടെ പരാതി ഉയർന്നു. സമീപവാസികൾ ഫ്ലാറ്റ് സുരക്ഷാ ജീവനക്കാരോടു പരാതിപ്പെട്ടതോടെ സംഗതി വാക്തർക്കത്തിലേയ്ക്ക് എത്തുകയും ഫ്ലാറ്റ് ഒഴിയുകയുമായിരുന്നു. പിന്നീട് കളമശേരി മൂലേപ്പാടത്ത് വീട് എടുത്തപ്പോഴും പറഞ്ഞതെല്ലാം നുണ തന്നെയായിരുന്നു.
ഭർത്താവ് വിദേശത്താണ് എന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നുമായിരുന്നു പറഞ്ഞത്. ഭർത്താവിന്റെ പേരിൽ എടുത്ത വീടിന്റെ വാടക ഉൾപ്പെടെ നൽകിയിരുന്നതും ഇയാളായിരുന്നു. ഇൻഫോ പാർക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് നീതുവിനു ജോലിയെന്നായിരുന്നു ഇവിടെ പറഞ്ഞിരുന്നത്. ഇവിടെയും പാട്ടും ബഹളവും പതിവായിരുന്നെങ്കിലും നാട്ടുകാർ കാര്യമായി എതിർത്തിരുന്നില്ല.
ഐടി കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ സമ്മർദം കുറയ്ക്കാനുള്ള മാർഗമെന്ന നിലയിൽ വിഷയം കാര്യമാക്കിയില്ലെന്ന് അടുത്ത വീട്ടുകാരിൽ ഒരാൾ പറഞ്ഞു. അതേസമയം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് നീതുവിന്റെ കൂടെ താമസിച്ചിരുന്ന ഇബ്രാഹിം ബാദുഷ എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ഇയാളാണ് നീതുവിനൊപ്പം വീട്ടിൽ താമസിച്ചിരുന്നത്.
ഈ പ്രണയബന്ധം തകരാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതിൽ ഇയാൾക്കു പങ്കില്ലെങ്കിലും പണം തട്ടിയെടുത്തെന്നും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്നുമുള്ള നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്തത്.