തിരുവനന്തപുരം: സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ ഒന്നര വയസുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
മുമ്പ് സമാനമായ സാഹചര്യത്തില്‍ മുംബൈ സ്വദേശിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയ കാര്യം കത്തില്‍ ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു.
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്ന സോള്‍ജെന്‍സ്മ എന്ന മരുന്നിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 18 കോടി രൂപയാണ് വില. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് ആറ് കോടിയോളം രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നികുതിയായി മാത്രം ഈടാക്കുന്നത്. ഈ നികുതി മാത്രം ഒഴിവാക്കുകയാണെങ്കില്‍ തന്നെ മരുന്നിന്റെ വില രണ്ടിലൊന്നായി കുറയും.
നേരത്തെ, മഹാരാഷ്ട്രയിലെ ആറ് മാസം പ്രായമായ ടീരാ കമ്മത്ത് എന്ന കുഞ്ഞിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആറ് കോടി രൂപയുടെ ഇറക്കുമതി നികുതി ഒഴിവാക്കി നല്‍കിയിരുന്നു. സമാനമായി മറ്റ് ചില കേസുകളിലും കേന്ദ്രസര്‍ക്കാര്‍ നികുതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ നികുതി ഇളവ് ലഭിക്കാത്ത നിരവധി കേസുകളും രാജ്യത്തുണ്ട്.