എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി സന്ദർശിച്ചു

ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. കാലിന് പരിക്കേറ്റ്‌ പെരുന്ന മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കാണാനെത്തിയത്. മന്ത്രി വി എൻ വാസവൻ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഹരികുമാർ കോയിക്കൽ, സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി സുഗതൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം

ഉണ്ടായിരുന്നു.

സുകുമാരൻ നായരുടെ മക്കളായ ഡോ. എസ് സുജാത, എസ് സുരേഷ് കുമാർ, എസ് ശ്രീകുമാർ, എസ് ഉഷാറാണി, മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ ജയകുമാർ, ഡോ. എം നാരായണ കുറുപ്പ്, ഡോ. കെ എസ് ശശിധരൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രസന്നകുമാർ, നഴ്‌സിങ്‌ സൂപ്രണ്ട് ടി ജെ അനിതാ കുമാരി, ആശുപത്രി ജീവനക്കാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

വീണുപരിക്കേറ്റതിനെ തുടർന്ന് കാലിലെ ശസ്ത്രക്രിയയ്‌ക്കു ശേഷം ആശുപത്രിയില്‍ തുടരുകയാണ് സുകുമാരന്‍ നായർ. 15 മിനിറ്റോളം മുഖ്യമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു. ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപദത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചു. കഴിഞ്ഞ ദിവസം ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സുകുമാരന്‍ നായരെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

കോട്ടയത്തെ ആശുപത്രിയിലാണ് സുകുമാരന്‍ നായരെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതിന് ശേഷം ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ കാലിന്റെ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ചെറുതായി നടക്കാനും തുടങ്ങിയെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News