കണ്ണൂര്‍: കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാല്‍ ജനം തിരിച്ചറിയും. അത് ജനങ്ങളെ പരിഹസിക്കലാണ്. പ്രളയകാലത്ത് കേന്ദ്രം കൈവിട്ടു. തന്ന അരിക്ക് പോലും കണക്ക് പറഞ്ഞ് കാശുവാങ്ങി. ഇപ്പോള്‍ കേരളത്തോട് സ്നേഹം കാട്ടുന്നു. പഴയ അനുഭവങ്ങള്‍ ജനം മറക്കില്ല. തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി കേരളത്തെ സോമാലിയയോടാണ് ഉപമിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ബിജെപിക്ക് വളരാന്‍ പറ്റിയ മണ്ണല്ല കേരളത്തിലേത്. മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നത്. വര്‍ഗീയതക്കെതിരെ നിതാന്ത ജാഗ്രത കേരളത്തിലെ മതനിരപേക്ഷ ശക്തികള്‍ പുലര്‍ത്തിയിട്ടുണ്ട്. അതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷം നിന്നിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ ബിജെപിക്ക് തങ്ങള്‍ പ്രതീക്ഷിച്ച തരത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയാത്തത്.
പടിക്ക് പുറത്ത് നിര്‍ത്തേണ്ടവരെ കേരള ജനത പടിക്ക് പുറത്ത് തന്നെ നിര്‍ത്തും. കോണ്‍ഗ്രസ് സഹായിച്ചതുകൊണ്ടാണ് നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഇവിടെ വന്നു പറഞ്ഞത് ഓര്‍ത്തുകൊണ്ടാകും പ്രധാനമന്ത്രി കോ്ന്നിയിലെ പൊതുയോഗത്തില്‍ ശരണം വിളിച്ചതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
നേരത്തെ ബിജെപിക്ക് ഉണ്ടായിരുന്ന വോട്ടുപോലും ഇത്തവണ അവര്‍ക്ക് ലഭിക്കില്ല. പ്രധാനമന്ത്രി വരെ വോട്ടുചോദിച്ചെങ്കിലും ഇതാണ് അവസ്ഥയെന്ന് അവരുടെ അഖിലേന്ത്യാ നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളായിട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം സൃഷ്ടിക്കാനാകുമോയെന്നാണ് സംസ്ഥാനത്തെ യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അദാനിയുമായുള്ള കരാറില്‍ പ്രതിപക്ഷ നേതാവ് പച്ചനുണ പ്രചരിപ്പിക്കുകയാണ്. താന്‍ പിടിച്ച മുയലിന് നാലു കൊമ്പ് എന്ന ചിന്തയാണ് പ്രതിപക്ഷ നേതാവിന്. അദാനിയുമായി കരാറില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയതാണ്. കരാറുള്ളത് സോളാര്‍ എനര്‍ജി കോര്‍പ്പറേഷനുമായിട്ടാണ്. തന്നെ ക്യാപ്റ്റന്‍ എന്നു വിളിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. താല്‍പ്പര്യം കൊണ്ട് ആളുകള്‍ പലതും വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളാണ് കേരളത്തിലുണ്ടായത്. പതുക്കെ എണ്ണം വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. ജനിതക വ്യതിയാനമുള്ള വൈറസുകളുടെ സാന്നിധ്യം മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം വൈറസ് കേരളത്തില്‍ എത്താന്‍ സാധ്യത കൂടുതലാണ്.
സംസ്ഥാനത്ത് പൊതു സ്ഥലങ്ങളില്‍ തിരക്ക് വലിയതോതില്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കല്‍ സ്വയം ശീലിക്കണം. സ്വയം വളണ്ടിയര്‍മാരായി മാറണം. നാം കാണിച്ച ജാഗ്രതയുടെ ഫലമായാണ് കോവിഡ് വ്യാപനം വല്ലാതെ വര്‍ധിക്കാതിരിക്കാന്‍ ഇടയാക്കിയത്. ആ ജാഗ്രതയില്‍ ഇളവു വരാന്‍ പാടില്ല.
വാക്സിനേഷന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം. തെരഞ്ഞെടുപ്പ്, വിശേഷദിവസങ്ങള്‍ തുടങ്ങിയവയുടെ കാലമാണ്. അതിനാല്‍ കൊവിഡ് ജാഗ്രതയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല. കോവിഡ് നമ്മുടെ കൂടെയുണ്ടെന്ന ബോധ്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.