തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദത്തിന് ഇടയാക്കിയ കാര്യങ്ങളൊന്നും താൻ പറഞ്ഞതല്ല, ഒരു മാധ്യമം കൊടുത്തതാണ് എന്ന് കെ. സുധാകരൻ പറഞ്ഞു. അദ്ദേഹം പറയാത്ത ഒരു കാര്യത്തെപ്പറ്റി വീണ്ടും എന്തെങ്കിലും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുധാകരൻ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് പിണറായിയോട് പറഞ്ഞത് കെ.ടി ജോസഫ് എന്ന വ്യക്തിയാണെന്ന തരത്തിലുള്ള വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. താൻ പറയാത്ത പേര് ആരെങ്കിലും പറഞ്ഞെന്നുവച്ച് വീണ്ടും അതേപ്പറ്റി പറയാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ ശക്തമായി വിമർശിക്കുമെന്ന സുധാകരന്റെ പ്രസ്താവന വേറെ കാര്യം. ഏതെങ്കിലും ഘട്ടത്തിൽ താൻ വിമർശം കേൾക്കാതിരുന്നിട്ടുണ്ടോ ? എന്തെല്ലാം നീക്കങ്ങളും വിമർശങ്ങളും തനിക്കെതിരെ വന്നിട്ടുണ്ട്. അതൊന്നും തന്നെ ബാധിക്കില്ല. താൻ ഏകാധിപതിയാണെന്ന വിമർശത്തെപ്പറ്റി കേരള ജനത തീരുമാനിക്കട്ടെ. ജനങ്ങൾ എന്താണോ തീരുമാനിച്ചത് അതനുസരിച്ചുള്ള പദവിയിൽ നിൽക്കുകയാണല്ലോ. മുമ്പ് പാർട്ടി പ്രവർത്തകൻ മാത്രമായിരുന്നു. ആ സമയത്തെ വിമർശവും ഇപ്പോഴത്തെ വിമർശവും തമ്മിൽ വ്യത്യാസമുണ്ട്. ജനങ്ങളുടെ വിലയിരുത്തൽ കഴിഞ്ഞശേഷം നിൽക്കുകയാണ് ഇപ്പോൾ താൻ.
വിവാദത്തിനിടെ ഉയർന്നുകേട്ട നാൽപ്പാടി വാസു വധം, സേവറി നാണു വധം എന്നിവയിൽ പരാതികൾ വന്നാൽ മാത്രമാണ് തുടരന്വേഷണത്തെപ്പറ്റി ആലോചിക്കുക. സർക്കാരിന് മുന്നിൽ ഇപ്പോൾ പരാതികൾ ഒന്നുമില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.