33.1 C
Kottayam
Tuesday, November 19, 2024
test1
test1

മഴക്കെടുതിയിൽ ആറ് മരണം, ഒരാളെ കാണാതായി; അടുത്ത രണ്ട് ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ (Kerala Rains) ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

വാർത്താ സമ്മേളനത്തിൻ്റെ പൂർണ്ണരൂപം:

മഴ ശക്തമാവുകയാണ്. അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 2018 ലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തുടര്‍ന്നുള്ള വര്‍ഷത്തിലും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായി. ആ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്.
സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായിട്ടുണ്ട്.

ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. അത് കഴിഞ്ഞ വൈകീട്ട് ജില്ലാ കളക്ടര്‍മാരുടെയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.

ഇന്നലെ വൈകീട്ട് മുതല്‍ തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നാളെ വരെ അതിതീവ്ര മഴ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും നാളെ കഴിഞ്ഞ് അത് വടക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിലുള്ളത്.

അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ 4 ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കില്‍ അത് പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പു
മാണ് നടത്തുന്നത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണ്.

മഴക്കാല കെടുതികളെ നേരിടുന്നതിനായി വളരെ മുന്‍കൂട്ടി തന്നെ അവശ്യമായ മുന്നൊരുക്കം ആരംഭിച്ചിരുന്നു. മാര്‍ച്ച് 14, 16 തീയതികളിലായി എല്ലാ ജില്ലകളേയും പങ്കെടുപ്പിച്ച് തദ്ദേശസ്ഥാപനതലത്തില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തി. മെയ് 14ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. മെയ് 16 നു തദ്ദേശ വകുപ്പിലെ ജില്ലാ തലം വരെ ഉള്ള ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് മൂന്നോരുക്കം സംബന്ധിച്ച് വിലയിരുത്തി.

അതിനു ശേഷം മഴക്കാലം മുന്നില്‍ കണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ യോഗം ചേര്‍ന്നു. മെയ് 18നു മുഖ്യമന്ത്രി എന്ന നിലയില്‍ കാലവര്‍ഷതുലാവര്‍ഷ മുന്നൊരുക്ക യോഗം വിളിച്ചുചേര്‍ത്തു ചേര്‍ന്നു. മെയ് 25നു ഓറഞ്ച് ബുക്ക് പുതുക്കി പ്രസിദ്ധീകരിക്കുകയും അതു കണിശമായി പാലിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഓറഞ്ച് ബുക്ക്, ഐ ആര്‍ എസ് എന്നിവയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

1 കോടി രൂപ വീതം മഴക്കാല തയ്യാറെടുപ്പിനായി ജില്ലകള്‍ക്ക് അനുവദിക്കുകയും ജില്ലകളില്‍, അംഗീകാരം ഉള്ള എന്‍.ജിഒകളുടെ സേവനം ഏകോപിപ്പിച്ച് ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയും ചെയ്തു.

ജൂലൈ 8നു കാലവര്‍ഷതുലാവര്‍ഷ മുന്നൊരുക്കം വീണ്ടും വിലയിരുത്തി. അണക്കെട്ടുകളിലെ റൂള്‍ കര്‍വ്വ് നിരീക്ഷണ യോഗം രണ്ടുവട്ടം നടത്തി. ഇന്ന് (ആഗസ്റ്റ് 1) റവന്യൂ മന്ത്രി അടിയന്തിര സാഹചര്യം വിലയിരുത്തി ജില്ലകള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്കിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന രക്ഷാസേനകളുടേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കി. ഇതുനുപുറമെ എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടനെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 4 സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍ ഡി ആര്‍ എഫിന്‍റ 4 അധിക സംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും.
ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്. കെ.എസ്.ഇ.ബി യുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കും.

അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്‍റെ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും.

പോലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചു.

അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലാ തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എം.എല്‍.എ, എം.പി മാരെയും കൂടി പങ്കെടുപ്പിക്കും.

ജില്ലാ, താലൂക്ക് തല ഇന്‍സിഡന്‍റ് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ നിര്‍ബന്ധമായും അതാത് സ്ഥലങ്ങളില്‍ ആഗസ്റ്റ് അഞ്ചാം തീയതി വരെ ഉണ്ടാകണം. തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി, പി.എച്.സി/സി.എച്.സി ഡോക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അതാത് ഡ്യൂട്ടി സ്റ്റേഷനില്‍ ഉണ്ടാകണം.

എല്ലാ ജില്ലകളിലും ജെസിബി, ഹിറ്റാച്ചി, ടോറസ് ലോറി എന്നിവ അതാത് താലൂക്കുകളില്‍ നിന്നും വാഹന്‍ പോര്‍ട്ടല്‍ മുഖാന്തരം കണ്ടെത്തി ലഭ്യത ഉറപ്പ് വരുത്തണം. ദുരന്ത ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ സമയത്ത് മുന്‍ഗണന നല്‍കാനും കണ്ടെത്തിയവരെ മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

ട്രോളിങ് അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കടല്‍ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തണം.

സിവില്‍ ഡിഫന്‍സ്, സന്നദ്ധ സേന, ആപത് മിത്ര എന്നിവരെ ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അതിനാവശ്യമായ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട സ്ഥലങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണം.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ വറ്റിക്കുവാന്‍ ആവശ്യമായ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കൃഷി, ജല സേചന വകുപ്പ്, തദ്ദേശ വകുപ്പ്, അഗ്നി രക്ഷാ വകുപ്പ് എന്നിവര്‍ ഉറപ്പ് വരുത്തണം. പാലങ്ങള്‍ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ എന്‍ജിനിയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ് എന്നിവര്‍ക്കാണ്.

വനപ്രദേശങ്ങളിലും, ഊരുകളിലും, ലയങ്ങളിലും താമസിക്കുന്ന ആള്‍ക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ എത്തിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണം
ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കുകയും വേണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി പൂര്‍ത്തീകരിക്കണം. സ്കൂളുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുകയും, അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ പരിഹരിക്കുകയും വേണം.

ഒഴിപ്പിക്കലിന് ബോട്ടുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. കടത്ത് തോണികള്‍, ഹൌസ് ബോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് പരിഗണിക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്ക് ഇത്തരം സ്ഥലങ്ങളില്‍ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് ലഭ്യമാക്കുന്നത് പരിഗണിക്കണം

സംസ്ഥാനത്താകെ ഏഴ് ക്യാംപുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. കൊല്ലം 1, പത്തനംതിട്ട 1, ഇടുക്കി 1, കോട്ടയം 2, തൃശ്ശൂര്‍ 1, വയനാട് 1. വിവിധ ജില്ലകളിലായി ആകെ 90 ആളുകളെ ഇതുവരെ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 19 പുരുഷന്‍മാരും 23 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. ദുരന്തനിവാരണ അതോറിറ്റി അതത് സമയങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ്തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നിട്ടുണ്ട്. നമ്പര്‍ 807 8548 538

മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ടായിരിക്കണം തദ്ദേശസ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

എന്‍ ഡി ആര്‍ എഫ്, ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്സ്, സി ആര്‍ പി എഫ്, ബി എസ് എഫ്, കോസ്റ്റ്ഗാര്‍ഡ്, ഐ ടി ഡി പി എന്നീ സേനാവിഭാഗങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതതു പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ തന്നെ അവധി നല്‍കിയിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്. ഫണ്ട് ദൗര്‍ലഭ്യം മൂലം ഒരു പ്രവര്‍ത്തനങ്ങളും മുടങ്ങാന്‍ പാടില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് കോര്‍പ്പറേഷനുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യണം എന്ന് നിര്‍ദേശം നല്‍കി.

തിരുവല്ലയ്ക്ക് സമീപം വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് കുമളി സ്വദേശികളായ അച്ഛനും രണ്ട് പെണ്‍മക്കളും മരിച്ചത് അതീവ ദുഃഖകരമായ സംഭവമാണ്. ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്ററായ വി.എം.ചാണ്ടിയും മക്കളായ ഫേബ, ബ്ലസി എന്നിവരുമാണ് മരിച്ചത്. ഇവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

അതോടൊപ്പം ഇതുമായി ചേര്‍ത്ത് പറയാനുള്ളത് മഴ രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം അപകട സാധ്യതകള്‍ കൂടുതലാണ്. ഇത് മനസിലാക്കി കാല്‍നട യാത്രക്കാരടക്കം എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഈ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ രാത്രിയാത്ര കഴിവതും ഒഴിവാക്കാനും ശ്രമിക്കുക. ശക്തമായ കാറ്റ് ഉള്ളതിനാല്‍ മരങ്ങള്‍ കടപുഴകാനും ഇലക്ട്രിക്ക് പോസ്റ്റുകള്‍ റോഡിലേക്ക് വീഴുവാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ജാഗ്രതപാലിച്ച് സഞ്ചരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ഇത്തരം ഘട്ടങ്ങളില്‍ എല്ലാവരും കൈകോര്‍ത്ത് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ശീലമാണ് നമ്മുടെ നാടിന്റേത്. ഇപ്പോള്‍ പറയാനാവില്ലെങ്കിലും അസാധാരണമായ മഴ തീവ്രമായ തോതില്‍ വരുന്നു എന്ന് തന്നെയാണ് കാണേണ്ടത്. അങ്ങനെയാണ് മുന്നറിയിപ്പുകള്‍. അത് കൊണ്ട് തന്നെ മുന്‍കരുതലുകള്‍ എടുക്കേണ്ടതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതും നമ്മുടെയാകെ ഉത്തരവാദിത്തമായി കരുതേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും തങ്ങളുടേതായ സംഭാവന ഇതില്‍ നല്‍കാനാകും. ഒരു തരത്തിലുമുള്ള ഭേദ ചിന്തയുമില്ലാതെ മുഴുവനാളുകളും കൈകോര്‍ത്ത് ഈ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ മുന്നിട്ടിറങ്ങണം എന്ന് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

മങ്കിപോക്സ്

ഒരു വിഷയം കൂടി ഇന്ന് പറയാനുണ്ട്.
കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്‍ഐവി പൂനയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ജനിതക പരിശോധന നടത്തുന്നതുമാണ്.

യുഎഇയില്‍ നിന്നും ഇദ്ദേഹം 22ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അതിന് ശേഷം വീട്ടിലാണ് ഉണ്ടായിരുന്നത്. 27ന് പുലര്‍ച്ചെയാണ് ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത്. പെട്ടെന്ന് നില ഗുരുതരമാകുകയായിരുന്നു.

മങ്കിപോക്സ് പോസിറ്റീവാണെന്ന് 19ന് ദുബായില്‍ നടത്തിയ പരിശോധന ഫലം 30നാണ് ബന്ധുക്കള്‍ ആശുപത്രിയെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ഗുരുതരാവസ്ഥയിലായിരുന്നു.

20 പേരാണ് ഹൈറിസ്ക് പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളത്. വീട്ടുകാര്‍, സഹായി, നാല് സുഹൃത്തുക്കള്‍, ഫുട്ബോള്‍ കളിച്ച 9 പേര്‍ എന്നിവരാണ് ഈ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വിമാനത്തില്‍ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.

ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും എസ്.ഒ.പി.യുടേയും അടിസ്ഥാനത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണം.

എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മങ്കിപോക്സ് പരിശോധന സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്സിന്‍റെ കാര്യത്തില്‍ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന നില ഉണ്ടാകണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം; നടന് അനുകൂലമായത് പരാതി നല്കാൻ എടുത്ത കാലതാമസം

ന്യൂ ഡൽഹി: ബലാത്സംഗകേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. നടി പരാതി നല്കാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ...

'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം'; കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപിനെതിരെ ഇടതുമുന്നണിയുടെ പത്ര പരസ്യം

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട്‌ എഡിഷനിൽ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യം വിവാദത്തിൽ. സുപ്രഭാതം, സിറാജ് പത്രങ്ങളിൽ വന്ന പരസ്യമാണ് വിവാദത്തിൽ ആകുന്നത്....

അമിത വേഗത്തിലെത്തിയ കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി; കാൺപൂരിൽ 8 വയസുകാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് എട്ട് വയസുകാരൻ മരിച്ചു. അഞ്ച് വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനം ഒരു സ്കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറുന്നതിന് മുമ്പാണ് രണ്ട് കുട്ടികളെ...

ശരീരവേദനയ്ക്ക് ചികിത്സ തേടിയെത്തിയപ്പോൾ നൽകിയത് മാനസിക രോഗത്തിനുള്ള മരുന്ന്; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോ​ഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോ​ഗി മരിച്ചെന്ന് പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. നവംബർ 4 നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്....

Gold price Today: സ്വർണവില മുന്നോട്ട്; വീണ്ടും 56,000 കടന്ന് കുതിപ്പിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ച കുത്തനെ കുറഞ്ഞ സ്വർണവില ഇന്നലെയും ഇന്നുമായി കൂടുന്നുണ്ട്. ഇന്ന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,520...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.