FeaturedHome-bannerKeralaNews

സഹകരണമേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കുംവേണ്ട; സംരക്ഷിക്കാൻ ജനംമുന്നിലുണ്ടാകും- മുഖ്യമന്ത്രി

കോഴിക്കോട്: സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളും സര്‍ക്കാരും അതിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് രജതജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ കേരളത്തിലെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി ഒപ്പംനിന്നു. സഹകരണ മേഖലയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ നടന്നത് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലത്താണ്. എന്നാല്‍ കേന്ദ്രം അന്ന് അത്തരമൊരു സമീപനമെടുത്തപ്പോഴും ഇവിടുത്തെ യുഡിഎഫ് സര്‍ക്കാര്‍ അതിനൊപ്പം നിന്നില്ല. സഹകരണ മേഖലയുടെ സംരക്ഷണത്തിന് കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നില്ല. ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ സഹകരണമേഖലയ്‌ക്കെതിരെ പലരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നുവരികയാണ്. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് നേരത്തെയുള്ള കാര്യമാണ്. എന്നാല്‍ കേരളത്തിലെ ബാങ്കിങ് രംഗം ജനകീയമാക്കിയത് സഹകരണ മേഖലയാണ്. ഗ്രാമങ്ങള്‍തോറും സഹകരണസംഘങ്ങളുണ്ട്. ഇപ്പോള്‍ കാണുന്ന വാണിജ്യബാങ്കുകളുടെ ഗ്രമീണ ശാഖകളുടെ അടിസ്ഥാനം സഹകരണ മേഖലയാണ്.

ആര്‍ക്കും ഈ സഹകരണ മേഖലയെ തകര്‍ത്ത് കളയാമെന്ന വ്യമോഹം വേണ്ട. അത് ജനങ്ങളുടേതാണ്. ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന ഒന്നാണ്. ഏതെങ്കിലും തരത്തില്‍ ഈ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായാലും അതിനെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിലുണ്ടാകും. അതിന്റെ മുന്‍പന്തിയില്‍ കേരള സര്‍ക്കാരുമുണ്ടാകും. ഒരു ശക്തിയേയും സഹകരണമേഖലയെ തൊട്ടുകളിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button