കണ്ണൂർ: കേരളത്തിൽ ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്‍റെ പ്രസ്താവന ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെങ്കിലും സിപിഎമ്മും ബിജെപിയുമായി ധാരണയുണ്ടെന്നാണ് ആർ ബാലശങ്കർ ആരോപിച്ചത്. കേരളത്തിലെ ബിജെപിയെ വെട്ടിലാക്കുന്നതായി ഈ ആരോപണം. എന്നാൽ ജയിക്കാൻ തൽക്കാലം ബിജെപിയുടെ സഹായം ഒന്നും സിപിഎമ്മിന് ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തിരിച്ചടിച്ചത്.
അഞ്ച് മണ്ഡലങ്ങളിൽ സിപിഎം- ബിജെപി ഒത്തുകളിയുണ്ടെന്ന് ആർ ബാലശങ്കർ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് ഉറക്കെ ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ”അദ്ദേഹം ഒരു വിടുവായനല്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. കോന്നിയിൽ മുമ്പ് മത്സരിച്ചിട്ടുള്ളതാരാണ്? ബിജെപിയുടെ സംസ്ഥാനപ്രസിഡന്‍റല്ലേ? ചെങ്ങന്നൂരിൽ ഇതിന് മുമ്പ് മത്സരിച്ചിട്ടുള്ളത് ബിജെപിയുടെ മുൻ പ്രസിഡന്‍റാണ്. വോട്ട് കച്ചവടമൊക്കെ ഇവിടെ ആര് ആർക്കാണ് നടത്തിയതെന്ന് എല്ലാവർക്കുമറിയാം”, എന്ന് മുഖ്യമന്ത്രി.
ബിജെപിയെ വെട്ടിലാക്കിയാണ് കേരളത്തിൽ സിപിഎം – ബിജെപി ഒത്തുകളിയാണെന്ന ഗുരുതരമായ ആരോപണം ബാലശങ്കർ ഉന്നയിച്ചത്. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് ഒത്തുകളിയുടെ ഭാഗമെന്നും ബാലശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ നേതാക്കൾ മാഫിയകളെ പോലെയാണ് പെരുമാറുന്നതെന്നും ബാലശങ്കര്‍ ആഞ്ഞടിച്ചു.
സിപിഎം – ബിജെപിയെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകര്‍ന്ന് ബാലശങ്കര്‍ രംഗത്തെത്തുമ്പോൾ ഇത് രാഷ്ട്രീയായുധമാക്കുന്നത് കോൺഗ്രസാണ്. ചെങ്ങന്നൂരിലും ആറന്മുളയിലും ബിജെപി തോറ്റുകൊടുത്താൽ കോന്നിയിൽ കെ.സുരേന്ദ്രനെ വിജയിപ്പിക്കാമെന്നാണ് സിപിഎമ്മുമായുള്ള ഫോര്‍മുല എന്ന് ബാലശങ്കര്‍ പറയുന്നു. ചെങ്ങന്നൂരിൽ പ്രചാരണം തുടങ്ങിയ തന്നെ വെട്ടിയത് ആ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്.
കേന്ദ്ര നേതാക്കളുടെ അനുമതിയോടെയാണ് ചെങ്ങന്നൂരിൽ മത്സരിക്കാൻ പോയത്. വി. മുരളീധരനും സുരേന്ദ്രനും ചേര്‍ന്നാണ് തന്നെ ഒഴിവാക്കിയത്ബാലശങ്കറിന്‍റേത് സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തിയെന്നും മത്സരിക്കാനുള്ള ആഗ്രഹം തന്നോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു കെ. സുരേന്ദ്രന്‍റെ പ്രതികരണം. ആരോപണത്തിന് മറുപടിയില്ലെന്നും സുരേന്ദ്രൻ.
ശോഭ സുരേന്ദ്രൻ പാര്‍ടിയിൽ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പിന്നാലെ ബാലശങ്കറിന്‍റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ബി.,ജെ.പി കൂടുതൽ വെട്ടിലാവുകയാണ്. ദേശീയ നേതാവ് കൂടിയായ ബാലശങ്കര്‍ ആരോപണം തെരഞ്ഞെടുപ്പ് രംഗത്ത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്