KeralaNews

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കപ്പെടേണ്ടതാണ്. മത വിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിർക്കുന്നത്. അനാചാരങ്ങളെ എതിർക്കുമ്പോൾ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലർ ചിന്തിക്കുന്നെന്നും അനാചാരങ്ങളെ എതിർത്താൽ മതത്തെ എതിർത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നത് സംഘടനകളുടെ സാമൂഹ്യ ഇടപെടലിലൂടെയാണ്. അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്കെതിരെ നവോത്ഥാന നായകർ ഇടപെട്ടു. നവോത്ഥാന നായകരിൽ എടുത്തു പറയാവുന്ന പേരാണ് മന്നത്ത് പത്മനാഭന്റേത്. അദ്ദേഹം മന്നത്ത് പത്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പത്മനാഭൻ എന്നു മാത്രമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്ധവിശ്വാസങ്ങൾ തിരിച്ച് കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. ജാതി പേരിനോട് ചേർക്കൽ ചിലർ വീണ്ടും തുടരുന്നുണ്ട്. നാടിന്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്നവർ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമ്മാണം വേഗത്തിലാക്കുന്നതിനു മുന്നോടിയായി ആചാരങ്ങളും അനാചാരങ്ങളും എന്തൊക്കെ എന്നു നിർവചിക്കുന്നതിന്റെ സാധ്യത സർക്കാർ ആരായുകയാണ്. ജനാഭിപ്രായം തേടുന്നതിനു വിവിധ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തും, സർവകക്ഷി യോഗവും വിളിക്കും.

തുടർന്നു കരടു ബിൽ നിയമസഭയിൽ അവതരിപ്പിക്കും. വിഷയം സൂക്ഷ്മമായി പരിശോധിച്ചശേഷം നിയമനിർമ്മാണം നടത്തിയാൽ മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ അഭിപ്രായം.

ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമപരിഷ്‌കരണ കമ്മിഷൻ തയാറാക്കിയ കരടു ബില്ലിലെ (‘ദ് കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’) ശുപാർശകളിൽ മാറ്റം വരുത്തണോ, കുറ്റകൃത്യങ്ങളുടെ പട്ടിക വർധിപ്പിക്കണോ തുടങ്ങിയവ ആഭ്യന്തരവകുപ്പു പരിശോധിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button