തിരുവനന്തപുരം : വയനാട് ദുരന്തത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപ്പെട്ടൽ ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രണ്ടാമത് പ്രധാന മന്ത്രി നരേന്ദ്രമോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ച് വിവരം അന്വേഷിച്ചു. കേന്ദ്രത്തിന് വേണ്ടി വിളിച്ച രണ്ട് പേരും എന്ത് സഹായവും നൽകാൻ സന്നദ്ധരാണ് എന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാൽ പിന്നീട് ചിലരുടെ നിലപാട് മാറി.
അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽ നിന്നും കേരളമാകെ മോചിരായിട്ടില്ലെന്നതാണ് വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണ് വേണ്ടത്. ശാസ്ത്രീയമാർഗത്തിലൂടെ ഇതിന് സാധിക്കണം. കേന്ദ്രത്തിനും ഇതിൽ പങ്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതിജീവനമാണ് പ്രശ്നം. ഈ ഘട്ടത്തിൽ ഒന്നിച്ച് നിൽക്കണം. സങ്കുജിത താൽപര്യങ്ങൾക്കായി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൌർഭാഗ്യകരമാണ്. അക്കൂട്ടത്തിൽ ഉത്തരവാദിത്തപ്പെട്ടവരും ഉൾപ്പെടുന്നതെന്നത് അങ്ങേയറ്റം അപലപനീയമാണ്.
ആഴത്തിലുള്ള ചിന്തകള്‍ക്കും കൂട്ടായ പരിശ്രമങ്ങള്‍ക്കുമുമ്പുള്ള ഘട്ടമാണിത്. ഈ സന്ദര്‍ഭത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അക്കൂട്ടത്തില്‍ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ ഉള്‍പ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്. ബഹുമാനപ്പെട്ട കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിന്‍റെ പ്രസ്താവന നിർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണസംവിധാനത്തിന്‍റെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്‍റെ കാരണമെന്ന് അദ്ദേഹം പറയുകയുണ്ടായി.
ഇത്തരം ഒരു ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. ആരാണിവിടത്തെ അനധികൃത കുടിയേറ്റക്കാര്‍? ഈ ദുരന്തത്തില്‍ മണ്ണടിഞ്ഞ എസ്റ്റേറ്റിലെതൊഴിലാളികളോ? അതോ, തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയില്‍ ജീവിച്ച സാധാരണ മനുഷ്യരോ? കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവര്‍ക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താന്‍ സാധിക്കില്ല.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്. ദുഷ്കരമായ സാഹചര്യങ്ങളോട് മല്ലിട്ട് അവര്‍ പടുത്തുയര്‍ത്തിയ ജീവിതത്തിനും സംസ്കാരത്തിനും സുദീര്‍ഘമായ ചരിത്രമുണ്ട്. അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചില്‍ ഒതുക്കുന്ന പ്രചരണങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട കേന്ദ്ര മന്ത്രി തയറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല.
അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയ്യില്‍ ഉരുള്‍പൊട്ടിയതെന്നാണ് അദ്ദേഹത്തിന്‍റെ മറ്റൊരു വിചിത്രവാദം. എന്നാല്‍, മുണ്ടക്കൈ ലാന്‍ഡ്സ്ലൈഡ് ഏരിയയില്‍ നിന്നും ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റര്‍ ആണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.