തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതലയാണ്. പൊലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. സേന നടത്തുന്നത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയനേട്ടത്തിനായി നിസ്സാരവത്കരിക്കരുത്. പൊലീസിന് എതിരെ നടക്കുന്നത് പ്രചാരവേലയാണെന്നും ക്രമസമാധാനം പുലരാന്‍ ആഗ്രഹിക്കാത്തവരാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അട്ടപ്പാടി ഷോളയൂരില്‍ ആദിവാസികള്‍ക്ക് എതിരെ നടന്ന പോലീസ് അതിക്രമത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. പശുവിനെ മേയ്ച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. അറസ്റ്റ് തടയാന്‍ ശ്രമിച്ച ഊരുമൂപ്പനും സംഘവും ആളെക്കൂട്ടി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. വനിതാ സിപിഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. നിയമവാഴ്ച ഉറപ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മൂപ്പനും മകനും സിപിഎം അനുഭാവികളായിരുന്നു. പാര്‍ട്ടിയുമായി തെറ്റിയതാണ് പോലീസ് നടപടിക്ക് കാരണമെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ ആരോപിച്ചു. ഭ്രാന്തുപിടിച്ച പോലീസ് നാട്ടില്‍ മുഴുവന്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഞായറാഴ്ചയാണ് ഷോളയൂര്‍ ആദിവാസി ഊരില്‍ പോലീസ് അതിക്രമമുണ്ടായത്. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി.എസ്. മുരുകനേയും പിതാവിനേയുമാണ് സ്ത്രീകളുടേയും കുട്ടികളുടേയും പ്രതിഷേധം വകവയ്ക്കാതെ പോലീസ് കസ്റ്റഡിയിലെടുത്ത മുരുകന്റെ പതിനേഴുവയസുള്ള മകനെ പോലീസ് മുഖത്തടിച്ചതായും സ്ത്രീകളെയടക്കം പോലീസ് ഉപദ്രവിച്ചതായും പരാതിയുണ്ട്.
എന്‍.ഷംസുദ്ദീന്റെ അടിയന്തിര
പ്രമേയത്തിന് മുഖ്യമന്ത്രിയുടെ നൽകിയ മറുപടിയുടെ പൂർണ്ണരൂപം..
ആഗസ്റ്റ് 3 ന് പാലക്കാട് ഷോളയൂര്‍ വട്ടലക്കി ഊരില്‍ കുറുന്താചലം എന്നയാളുടെ പറമ്പില്‍ സമീപവാസിയായ മുരുകന്റെ ഭാര്യ രാജാമണി പശുവിനെ മേയ്ച്ചത് കുറുന്താചലം ചോദ്യം ചെയ്തു. തുടര്‍ന്ന് ഉച്ചക്ക് 2.30 മണിക്ക് ചൊറിയ മൂപ്പനും മകനായ മുരുകനും ചേര്‍ന്ന് കുറുന്താചലത്തിനെ ദേഹോപദ്രവമേല്‍പ്പിച്ചു.
സംഭവത്തില്‍ കുറുന്താചലത്തിന്റെ വലതു കൈയ്യിലെ ചെറുവിരലിന് പൊട്ടലും തലയ്ക്ക് പരിക്കുമേറ്റു. തുടര്‍ന്ന് കുറുന്താചലം ആശുപത്രിയില്‍ ചികിത്സ തേടി. ഇക്കാര്യത്തിന് കുറുന്താചലത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുരുകന്‍, ചൊറിയമൂപ്പന്‍, മുരുകന്റെ ഭാര്യ രാജാമണി എന്നിവര്‍ക്കെതിരെ ആഗസ്റ്റ് 6 ന് കേസ്സെടുത്തു. IPC 341, 326, 294(b), 34 എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈം. 55/2021 ആയി ഷോളയൂര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരുന്നത്.
പരാതിക്കാരനായ കുറുന്താചലത്തിന്റെ പറമ്പില്‍ പശുവിനെ മേയ്ച്ചു എന്ന കാര്യത്തില്‍ കേസിലെ മൂന്നാം പ്രതിയും മുരുകന്റെ ഭാര്യയുമായ രാജാമണി എന്ന സ്ത്രീയെ കുറുന്താചലം കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മൊഴി രാജാമണി യുടെതായിട്ടുണ്ടായിരുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തില്‍ 06.08.2021 ല്‍ IPC 506(i), 324 വകുപ്പുകള്‍ പ്രകാരം ക്രൈം.56/21 ആയി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റ രാജാമണി ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി മുരുകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള്‍ സ്റ്റേഷനില്‍ ഹാജരായില്ല. തുടര്‍ന്ന്കുറുന്താചലത്തിനെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഷോളയൂര്‍ പോലീസ് ഇന്‍സ്‌പെക്ടറും സംഘവും ആഗസ്റ്റ് 8-ാം തീയതി രാവിലെ വട്ടലക്കി ഊരിലെത്തി. പ്രതികളായ മുരുകനെയും ചൊറിയമൂപ്പനെയും ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും വിസമ്മതിച്ചു.
തുടര്‍ന്ന് ഇവര്‍ പരിസരവാസികളെ വിളിച്ചുകൂട്ടി മുരുകനെയും ചൊറിയമൂപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നത് തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. തുടര്‍ന്ന് പോലീസ് ഒന്നും രണ്ടും പ്രതികളെ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പോലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് വട്ടലക്കി ഊരുനിവാസികളായ എട്ട് പേര്‍ക്കെതിരെ IPC 225, 332, 353, 34 വകുപ്പുകള്‍ പ്രകാരം ഷോളയൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം.57/2021 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം കുറുന്താചലം എന്നയാളെ പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ മുരുകന്‍, ചൊറിയമൂപ്പന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനത്തിയ പോലീസുദ്യോഗസ്ഥരെ ദേഹോപദ്രവമേല്‍പ്പിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെ ടുത്താന്‍ ശ്രമിക്കുകയുമാണ് ഉണ്ടായത്.ഊരുമൂപ്പനായ ചൊറിയ മൂപ്പന്‍, ഊര് നിവാസിയായ കുറുന്താചലം എന്നിവര്‍ തമ്മിലുള്ള കുടുംബകലഹമാണ് പ്രശ്‌നത്തിന് കാരണമായതെന്ന് പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസറുടെ റിപ്പോര്‍ട്ടിലും കാണുന്നത്.
ഷോളയൂര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം.55/21 ലെ പ്രതികളായ മുരുകനെയും ചൊറിയമൂപ്പനെയും അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് മുരുകന്റെ മകന്‍ കോട്ടാത്തല ഗവണ്‍മെന്റ് താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിവായിട്ടുണ്ട്. കുട്ടിയുടെ മൊഴി 09.08.2021 ല്‍ രേഖപ്പെടുത്തി പ്രാഥമിക അന്വേഷണം നടത്തിവരുന്നു.
കുറ്റകൃത്യം നടന്നതായി ബന്ധപ്പെട്ട പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് ഊരിലേക്ക് പോവുകയാണ് ഉണ്ടായത്. ക്രമസമാധാനം നിലനിര്‍ത്തുവാനും നിമയമവാഴ്ച പുലര്‍ത്തുന്നതിനും പോലീസ് സ്വീകരിച്ച സ്വാഭാവിക നടപടിയായാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്.
കേരളാ പോലീസ് ഒരു ജനകീയസേനയെ പോലെ പ്രവര്‍ത്തിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍. കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ച എല്ലാ ദുരന്തങ്ങളിലും അവരെ സംരക്ഷിക്കുന്നതിന് പോലീസ് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ സംരക്ഷിക്കുന്നതിന് പോലീസ് വഹിച്ച സേവനം ആര്‍ക്കും നിഷേധിക്കാവുന്നതല്ല. ജനങ്ങളെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍, മരുന്ന് എത്തിക്കാന്‍ തുടങ്ങി എല്ലാ ഇടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു പോലീസ് എന്ന് മറക്കാന്‍ പാടില്ല. സ്വന്തം വീട് പ്രളയത്തില്‍ മുങ്ങിയപ്പോഴും കര്‍ത്തവ്യത്തില്‍ ഉറച്ചുനിന്ന് സഹജീവികളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവർ മുഴുകി.
കോവിഡ് മഹാമാരി പ്രതിരോധത്തിൽ പോലീസ്‌സേനയുടെ പങ്ക് ഇന്നും തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായി മുഴുകിയ പതിനൊന്ന് പോലീസുകാര്‍ ഇന്ന് നമുക്കൊപ്പമില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 17645 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 217 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ നിന്ന് ചികിത്സ തേടേണ്ട സാഹചര്യവുമുണ്ടായി.
ഒന്നര വര്‍ഷക്കാലത്തെ നിതാന്ത ജാഗ്രതയോടുകൂടി കേരള ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടി പോലീസിന്റെ ഇടപെടലില്‍ അവര്‍ സഹിച്ച ത്യാഗം കൂടിയാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. ഇത്തരത്തില്‍ കേരള ജനയതെ സംരക്ഷിക്കുന്നതിനുവേണ്ടി നിലകൊണ്ട സംവിധാനത്തിനെതിരെയാണ് ഇത്തരം പ്രചാരവേലകള്‍ സംഘടിപ്പിക്കുന്നതെന്ന് നാം വിസ്മരിക്കരുത്. വിമര്‍ശനം നല്ലതുതന്നെ, എന്നാല്‍ അത് യാഥാര്‍ത്ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്മരിച്ചുകൊണ്ടുമാവരുത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതിലും പോലീസിന് വലിയ പങ്കുണ്ട്. പൊതുസമൂഹത്തിന്റെ പങ്കിനൊപ്പം പോലീസിന്റെ പങ്കും ഇത്തരം കാര്യങ്ങളില്‍ വിസ്മരിക്കാനാവില്ല. വാട്‌സാപ്പ് ഹര്‍ത്താലുപോലുള്ളവ സംഘടിപ്പിച്ച് നവമാധ്യമങ്ങള്‍ ഉപയോഗിച്ചുപോലും സംഘര്‍ഷത്തിന് ശ്രമിച്ചവരുണ്ട്. അതിന്റെ ഉറവിടം പോലും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ കേരളാ പോലീസിന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്ത് രൂപപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങള്‍വരെ ശരിയായ രീതിയില്‍ കണ്ടെത്തി മുന്നോട്ടുപോകുന്നതിന് കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മരിക്കരുത്. തെളിയില്ലെന്നു കണക്കാക്കിയ നിരവധി കേസുകള്‍ തെളിയിച്ച ചരിത്രവും ഇപ്പോഴത്തെ പോലീസിനുണ്ട്. സിബിഐക്ക് വിട്ട ജലജാസുരന്‍ കേസ് തെളിയിച്ചതും ഇതിന്റെ ഭാഗമാണ്.
നിയമവാഴ്ച സംരക്ഷിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്താനുമാണ് പോലീസ് നിലകൊള്ളുന്നത്. അതോടൊപ്പം ജനങ്ങളുടെ എല്ലാ പ്രയാസങ്ങളിലും അവരുടെ കണ്ണീരൊപ്പാന്‍ നിലകൊണ്ട സംവിധാനമായി പോലീസിനെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. നാട്ടില്‍ നിയമവാഴ്ച തുടരുന്നതിന് താല്‍പ്പര്യമില്ലാത്ത വിഭാഗങ്ങള്‍ പോലീസിനെതിരെ രംഗത്ത് വരുന്നുണ്ട്. തീവ്രവാദികളും വര്‍ഗ്ഗീയ ശക്തികളും അരാജകവാദികളും ഈ പ്രവര്‍ത്തനത്തില്‍ ബോധപൂര്‍വ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പോലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ട്.
പോലീസ് സംവിധാനത്തെ നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന സേനയാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ആദിവാസി ജനവിഭാഗങ്ങളെക്കൂടി ഉള്‍പ്പടുത്തി ആദിവാസി സൗഹാര്‍ദപരമായി പോലീസ് സംവിധാനത്തെ കൊണ്ടുപോകാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ആദിവാസി ജനവിഭാഗങ്ങളിലെതന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാഗ്ന ഗോത്രത്തില്‍ നിന്ന് 200 പേരെ പോലീസില്‍ പ്രത്യേക നിയമനം നടത്തിയത് ഈ സര്‍ക്കാരാണ്. അന്താരാഷ്ട്ര ആദിവാസി ഗോത്ര ദിനത്തില്‍ രണ്ട് പദ്ധതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സൈസ് ഗാര്‍ഡ് തസ്തികയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 25 പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് എക്‌സൈസ് ഗാര്‍ഡായി നിയമനം നല്‍കിയിട്ടുണ്ട് എന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്. 200 പേരെ കൂടി ഇത്തരത്തില്‍ നിയമിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്.
പട്ടികവര്‍ഗ്ഗ വിഭാഗം കൂടുതലുള്ള അട്ടപ്പാടി മേഖലയില്‍ ചെറുധാന്യ ഫാക്ടറി ഡിസംബറോടെ ആരംഭിക്കും. പുട്ടുപൊടി, രാഗിമാള്‍ട്ട്, എനര്‍ജി ഡ്രിങ്ക് ഉള്‍പ്പെടെ വിപണിയിലെത്തിക്കും. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിലയും ഉറപ്പാക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
ആദിവാസികള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുവാനും അവര്‍ക്ക് നിയമപരായ പരിരക്ഷ ലഭിക്കുവാനും സുസജ്ജമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഈ വിഭാഗത്തില്‍ പെടുന്നവരുടെ പരാതികള്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ഉടനെതന്നെ കേസുകള്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം അവര്‍ക്കുള്ള പരിരക്ഷ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ ഊരുകള്‍ കേന്ദ്രീകരിച്ച് നല്‍കി വരുന്നു. ജില്ലാ പോലീസ് മേധാവികളുടെ അദ്ധ്യക്ഷതയില്‍ അതത് ജില്ലകളില്‍ മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടേയും ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് & മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടേയും യോഗം വിളിച്ച് കേസുകളെ സംബന്ധിച്ച് അവലോകനം നടത്തി വരുന്നുണ്ട്.