KeralaNews

BF.7 variant:കൊവിഡ് കേസുകൾ കുറവ്;സംസ്ഥാനത്ത്‌ പ്രതിരോധം ഊര്‍ജിതമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുരാജ്യങ്ങളിൽ കൊവിഡ് വർധിച്ചുവരുന്നതിനാലാണ് സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. സംസ്ഥാനത്ത് കൊവിഡ്കേസുകൾ കുറവാണ്. എന്നാൽ കൊവിഡ്ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പഠിച്ച പാഠങ്ങള്‍ മറക്കരുത്. ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങളുള്ളവരോട് ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു വൈകിട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചൈനയിൽ കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ജാ​ഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോ​ഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

കൊവി‍ഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാ​ഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു. 

ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ പോൾ യോ​ഗത്തിനുശേഷം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27- 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ‍ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ കൊവിഡ് വകഭേദം ചൈനയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുകയാണ്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്. ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button