KeralaNews

BUFFERZONE:ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ എന്നിവ പരിസ്ഥിതിലോല മേഖലകളിൽനിന്ന് ഒഴിവാക്കും. ഇതനുസരിച്ചുള്ള റിപ്പോർട്ടാകും സുപ്രീംകോടതിയില്‍ സമർപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ നിലപാട് ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകള്‍ പൂർണമായും ഉള്‍ക്കൊണ്ടുള്ളതാണ്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാര്‍ക്കുകളുടെയും പരിധിയില്‍ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കളോജിക്കല്‍ സെന്‍സിറ്റീവ് സോണുകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉറച്ച നിലപാട്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണ്. 

ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമാണങ്ങളും ചേര്‍ത്ത് മാത്രമേ അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കുകയുള്ളൂ. സുപ്രീം കോടതി നിശ്ചയിച്ച ബഫര്‍സോണ്‍ പ്രദേശങ്ങള്‍ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുന്‍പാകെ തെളിയിക്കുന്നതിനാണ് എല്ലാ നിർമാണങ്ങളും ചേര്‍ത്ത് റിപ്പോര്‍ട്ട് തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ബഫര്‍സോണ്‍ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാര്‍ക്കോ കർഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല. ഈ പ്രദേശങ്ങള്‍ ബഫര്‍സോണ്‍ ആക്കാന്‍ പ്രായോഗികമായുള്ള പ്രയാസങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.

ബഫര്‍സോണ്‍ മേഖലയില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളില്‍ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണ്. മേഖലയില്‍ വാഹന നിയന്ത്രണം, കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ നിരോധനം മുതലായവ വരും എന്ന തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് മലയോര മേഖലയില്‍ താമസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

ബഫര്‍ സോണ്‍ സംബന്ധിച്ച് കേരള റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ ഉപഗ്രഹ സര്‍വ്വേ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ വിവരങ്ങളും മാപ്പുകളും അടക്കമുള്ള പൂര്‍ണ്ണ രൂപം സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത് ഇതു സംബന്ധിച്ച  വിദഗ്ധ സമിതി തീരുമാനം അടിസ്ഥാനമാക്കിയാണ്. ഉപഗ്രഹസർവേ റിപ്പോര്‍ട്ട് ഒരു സൂചകം മാത്രമാണ്, അന്തിമ രൂപമല്ല. ഇത് അന്തിമ തീരുമാനമാണെന്ന രീതിയില്‍ ഇത്  സംബന്ധിച്ച പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതും തെറ്റായ പ്രചരണമാണ്

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സര്‍വ്വേ ഉടന്‍ നടത്തുമെന്ന്  പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച എല്ലാ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ തേടും. ഇത് സംബന്ധിച്ച് ബഫര്‍ സോണില്‍ പെടുന്ന പഞ്ചായത്തുകള്‍ തോറും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുവാനുള്ള സംവിധാനവും ഒരുക്കും. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തദ്ദേശ ഭരണസംവിധാനങ്ങള്‍  ഹെല്‍പ് ഡെസ്ക്കുകള്‍ തുറക്കും.– മുഖ്യമന്ത്രി പറഞ്ഞു.

‘പ്രശ്നപരിഹാരത്തിന് വനംമന്ത്രി മുൻകൈയടുത്തില്ലെന്ന വാദം തെറ്റാണ്. സുപ്രീംകോടതി വിധി വന്നയുടൻ വനംമന്ത്രി യോഗം വിളിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു. ഫീൽഡ് സർവേ നടത്തി റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ഥ വസ്തുതകളും വിവരങ്ങളും മറച്ചുവെച്ച് ജനങ്ങളെ പുകമറയില്‍ നിര്‍ത്താനും സര്‍ക്കാരിനെതിരെ വൈകാരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കാനുമാണ് പ്രതിപക്ഷത്തെ ചിലര്‍ ശ്രമിക്കുന്നത്. സര്‍വേ നടത്തുന്നത് നിലവിലുള്ള നിര്‍മാണങ്ങള്‍ സംരക്ഷിക്കാനാണ് എന്ന വസ്തുത പോലും സൗകര്യപൂർവം മറച്ചുവെക്കാനുള്ള നീക്കം ഉണ്ടാകുന്നു എന്നതും ആശ്ചര്യകരമാണ്. അത്തരത്തിലുള്ള കുപ്രചാരണങ്ങളെ തുറന്നു കാട്ടും. പരിസ്ഥിതി സംരക്ഷണത്തില്‍ ജാഗ്രത കാട്ടുമ്പോള്‍ത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്നുറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.– മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker