തിരുവനന്തപുരം: മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിട്ടുനിൽക്കുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നതെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. പൊതുസമ്മേളനത്തോടെയാണ് മൂന്നാം ലോക കേരള സഭ നടക്കുന്നത്. സ്പീക്കർ എംബി രാജേഷാണ് പൊതു സമ്മേളനത്തിന്റെ അധ്യക്ഷൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്.
അതേസമയം, നടക്കാനിരിക്കുന്ന ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ല. പ്രവാസി പ്രതിനിധികളെ വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. തുടര്‍ സമരപരിപാടികൾ തീരുമാനിക്കാൻ യുഡിഎഫ് ഏകോപന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നിരുന്നു. മൂന്ന് മണിക്ക് കൺഡോണമെന്റ് ഹൗസിലായിരുന്നു യോഗം.
നാളെയും മറ്റന്നാളുമായാണ് ലോക കേരള സഭ നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ഉയർന്നുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായടക്കം സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആക്ഷേപങ്ങൾ ഉണ്ടായിട്ടും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടത് മുന്നണി നേതൃത്വവും. ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ജനകീയ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 21 മുതൽ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഇടതു മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളെ വരെ സഹകരിപ്പിച്ച് കൊണ്ടാകും ഇത് മുന്നോട്ട് പോകുക.