നാഗ്പുര്‍: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയുടെ അമ്മയെ കബളിപ്പിച്ച് രണ്ടരക്കോടി രൂപ തട്ടിയെടുത്ത മേല്‍നോട്ടക്കാരന്‍ അറസ്റ്റില്‍. ഒരു പതിറ്റാണ്ടിലേറെക്കാലം ബോബ്‌ഡെ കുടുംബത്തിന്റെ വിശ്വസ്തനായി ജോലി നോക്കുന്ന തപസ് ഘോഷ് (49) ആണ് പിടിയിലായത്. ഇയാളെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനു കൈമാറി.
സിവില്‍ ലൈന്‍സില്‍ ആകാശ്വാണി സ്‌ക്വയറിലുള്ള സീസണ്‍സ് ലോണ്‍ ബോബ്‌ഡെ കുടുംബത്തിന്േറതാണ്. എസ്.എ ബോബ്‌ഡെയുടെ അമ്മ മുക്ത ബോബ്‌ഡെയായിരുന്നു ലോണിന്റെ ഉടമ. കല്യാണം, റിസപ്ഷനുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ഇവിടം വാടകയ്ക്കു നല്‍കാറുണ്ട്. ഘോഷിനെ 13 വര്‍ഷങ്ങള്‍ക്കുമുന്‍പ് മുക്ത ബോബ്‌ഡെ ഇതിന്റെ കെയര്‍ടേക്കറായി നിയമിച്ചിരുന്നു. മാസം 9,000 രൂപയായിരുന്നു ശന്പളം. ഇതുകൂടാതെ, ഓരോ ബുക്കിംഗിനും 2,500 രൂപയും ഇന്‍സെന്റീവായി നല്‍കി വന്നിരുന്നു.
എന്നാല്‍, ഇവിടുത്തെ വരുമാന തുക പൂര്‍ണമായും തപസ് ഘോഷ് മുക്ത ബോബ്‌ഡെയ്ക്ക് നല്‍കിയിരുന്നില്ല. ചിലപ്പോഴൊക്കെ പണമടയ്ക്കാതെ വീഴ്ച വരുത്തുകയും ചെയ്തു. തുടര്‍ന്ന് മുക്ത ബോബ്‌ഡെ സാന്പത്തിക വഞ്ചനയ്ക്കു പരാതി നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കെടുത്തപ്പോള്‍ 2.5 കോടി രൂപയുടെ തട്ടിപ്പ് ഘോഷ് നടത്തിയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലോക്ഡൗണ്‍ സമയത്താണ് തട്ടിപ്പുവിവരം പുറത്തറിയുന്നത്. വിവാഹത്തിനും മറ്റുമായി ഇവിടം ബുക്ക് ചെയ്തിരുന്നവര്‍ ബുക്കിംഗ് റദ്ദാക്കി കാശ് തിരികെ ചോദിച്ചു. ഘോഷ് ഇതു മടക്കിനല്‍കിയില്ല. പലരും മുക്ത ബോബ്‌ഡെയോടു പരാതി പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടിയോളം രൂപ ഘോഷ് കബളിപ്പിച്ചതായി വ്യക്തമായത്.