ന്യൂഡൽഹി: ജഡ്ജിമാര്‍ക്ക് ലഭ്യമായിട്ടുള്ള പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ബുധനാഴ്ച എല്ലാ ഹൈക്കോടതിയിലേക്കുമായി നല്‍കിയ കത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വിശദമാക്കിയത്.
പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ജുഡീഷ്യറിക്ക് നേരെ വിമര്‍ശനം ഉണ്ടാകുന്ന സാഹചര്യമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചീഫ് ജസ്റ്റിസ് വിശദമാക്കുന്നു.
ഡൽഹിയിൽ നിന്ന് പ്രയാഗ്രാജിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ വലിയ രീതിയില്‍ ബുദ്ധിമുട്ടുകളുണ്ടായതില്‍ വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഗൌതം ചൌധരിയുടെ കത്ത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ കത്ത്. കോടതിയില്‍ ഡ്യൂട്ടിയില്‍ ഉള്ള സമയത്തും അല്ലാത്തപ്പോളും പദവിയെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കണം.
സമൂഹത്തിന് മുന്നില്‍ ജുഡീഷ്യറിയുടെ ആത്മവിശ്വാസം കളയുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടാകരുത്. അധികാരം പ്രകടിപ്പിക്കാന്‍ വേണ്ടിയാകരുത് പ്രോട്ടോക്കോള്‍ സൌകര്യങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് വിശദമാക്കി.
റെയില്‍വേ ജീവനക്കാരില്‍ നിന്ന് അച്ചടക്ക നടപടി ആവശ്യപ്പെടാനുള്ള അധികാര പരിധി ഹൈക്കോടതി ജഡ്ജിക്കില്ലെന്നും ചീഫ് ജസ്റ്റിസിന്‍റെ കത്ത് വിശദമാക്കുന്നു.