സ്‌കൂളിലേക്ക് നടക്കുന്നതിനിടെ നെഞ്ചുവേദന; പത്താം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു

ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയില്‍ താമസിക്കുന്ന ശ്രീനിധി (16) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുഴഞ്ഞുവീഴുന്നത് കണ്ട അധ്യാപകനാണ് സ്‌കൂളിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.

അവിടെ നിന്നും സി.പി.ആര്‍. ഉള്‍പ്പെടെയുള്ള പ്രാഥമിക ശിശ്രൂഷകള്‍ നല്‍കിയെങ്കിലും കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല, അതേതുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, രണ്ടാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ശ്രീനിധി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അലിഗഢിലെ സിറൗലി എന്ന സ്ഥലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച് ഒരുമാസത്തിനുള്ളിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിധിയും സമാനമായ രീതിയില്‍ മരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെടുന്നത്. അലിഗഢില്‍ തന്നെ എട്ട് വയസുകാരിയായ ഒരു കുട്ടിയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹാര്‍ട്ട് അറ്റാക്ക് മൂലമുള്ള മരണത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് പഠനങ്ങള്‍ പറയുന്നത്.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകള്‍ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ പത്തോ ഇരുപതോ ചിലപ്പോള്‍ അതിലധികമോ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. ചിലപ്പോള്‍ 20 അല്ലെങ്കില്‍ 25 വയസ്സില്‍ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയില്‍ നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാന്‍ പോലും യഥാര്‍ഥത്തില്‍ കഴിയുകയില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കല്‍ ആയ ഹൃദ്രോഗ ലക്ഷണങ്ങള്‍ (Typical Symptoms) ആരംഭിക്കുമ്പോള്‍ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാല്‍, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയില്‍ ഉണ്ടാകുന്ന കടച്ചില്‍, അമിതമായ വിയര്‍പ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കണ്ണില്‍ ഇരുട്ട് അടയ്ക്കല്‍ അല്ലെങ്കില്‍ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചില്‍ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചില്‍ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News