ചേർത്തല:വീട്ടിലെത്തിയ ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് താൻ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്ന് രതീഷ് പൊലീസിനോടു പറഞ്ഞതായി അറിയുന്നു. ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി. എന്നാൽ, ഹരികൃഷ്ണ ബോധരഹിതയായോ, മരണം സംഭവിച്ചത് എങ്ങനെയെന്നോ ഒന്നും വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല.
വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നു പൊലീസ് സംശയിക്കുന്നു.തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു. അബദ്ധം പറ്റിയതാണെന്നാണു രതീഷ് പറഞ്ഞത്. എന്നാൽ, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. സംഭവിച്ച കാര്യങ്ങൾ കുറെയൊക്കെ രതീഷ് പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്തിട്ടില്ല. രതീഷിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
ബസിൽ ചേർത്തലയിൽ എത്താറായെന്നു ഹരികൃഷ്ണ പറഞ്ഞു; പിന്നാലെ രതീഷ് പറഞ്ഞത് ഹരികൃഷ്ണ ഇന്നു വരില്ലെന്ന് – ഈ പ്രതികരണത്തിലാണു സംശയം തോന്നിയതെന്ന് കടക്കരപ്പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹരികൃഷ്ണയുടെ പിതാവ് ഉല്ലാസ്. വെള്ളിയാഴ്ച ഉച്ചമുതലുള്ള ഡ്യൂട്ടിയായിരുന്നു ഹരികൃഷ്ണയ്ക്ക്. അതുകഴിഞ്ഞ് രാത്രി ഏഴരയോടെ വീട്ടിലേക്കു പുറപ്പെടാറാണു പതിവ്. സാധാരണ എത്തുന്ന സമയമായപ്പോൾ 9 മണിയോടെ വീട്ടുകാർ ഹരികൃഷ്ണയെ ഫോണിൽ വിളിച്ചു. ബസിലാണെന്നും ചേർത്തല എത്താറായെന്നും പറയുകയും ചെയ്തു. പക്ഷേ, അര മണിക്കൂർ കഴിഞ്ഞു വിളിച്ചപ്പോൾ ഫോണെടുത്തില്ല.
തുടർന്നാണ് വീട്ടുകാർ രതീഷിന്റെ ഫോണിലേക്കു വിളിച്ചത്. ജോലി കഴിഞ്ഞു ഹരികൃഷ്ണ വൈകിയെത്തുമ്പോൾ തങ്കിക്കവലയിൽനിന്നു സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ളതു രതീഷാണ്. ശനിയാഴ്ച ലോക്ഡൗൺ കാരണം യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഹരികൃഷ്ണ വീട്ടിലേക്കു വരുന്നില്ലെന്നും കൂട്ടുകാരിയുടെ അടുത്തേക്കു പോയെന്നും രതീഷ് പറഞ്ഞു. കൂട്ടുകാരിയെ വിളിച്ചപ്പോൾ ഹരികൃഷ്ണ അവിടെയില്ലെന്ന് അറിഞ്ഞു. വീണ്ടും രതീഷിനെ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.തുടർന്ന് രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും അവിടെ ആരുമുള്ളതായി തോന്നിയില്ല. രതീഷിന്റെ സ്കൂട്ടറും അവിടെ ഉണ്ടായിരുന്നില്ല. പിന്നീടാണു പൊലീസിനെ അറിയിച്ചത്.
ഹരികൃഷ്ണയെ വീട്ടിലെത്തിക്കുന്നതിനു മുൻപായി സഹോദരീഭർത്താവ് രതീഷ് തന്റെ 2 കുട്ടികളെയും തൊട്ടടുത്തുള്ള കുടുംബവീട്ടിലാക്കിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഹരികൃഷ്ണയുടെ സഹോദരി നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. നീതുവിനു സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. രാത്രി 9.30നു ശേഷം രതീഷിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. 10.30നു വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻഡോളം ആരോടോ സംസാരിച്ചിട്ടുണ്ട്.
വീണ്ടും ഫോൺ ഓഫായി. വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. പട്ടണക്കാട് സിഐ ആർ.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്. വിശദ അന്വേഷണം തുടങ്ങി.
യുവതിയെ സഹോദരീഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കടക്കരപ്പള്ളി ഗ്രാമത്തിനു ഞെട്ടലും നൊമ്പരവുമായി. ഇന്നലെ രാവിലെ ആറോടെയാണ് നാട്ടുകാരിൽ പലരും സംഭവം അറിഞ്ഞത്. ഹരികൃഷ്ണയുടെയും രതീഷിന്റെയും ബന്ധുക്കളും നാട്ടുകാരും രതീഷിന്റെ വീട്ടിലേക്കെത്തി. വൻ പൊലീസ് സംഘവും ഫൊറൻസിക്, വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മന്ത്രി പി.പ്രസാദ്, മുൻമന്ത്രി പി.തിലോത്തമൻ, ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, എഎസ്പി എ.നസീം, ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള തുടങ്ങിയവരും എത്തിയിരുന്നു.