തൃശൂര്‍: ചേര്‍പ്പ് ബാബു വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ സാബുവിന്റെ സുഹൃത്ത് സുനിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ച ബാബുവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചത് സുനിലെന്ന് പോലീസ് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
മാര്‍ച്ച് 19നാണ് കൊലപാതകം. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരന്‍ സാബുവിന്റെ മൊഴി. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശവും കണ്ടെത്തി. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു.
തലയില്‍ ആഴത്തിലുള്ള ക്ഷതവും മുറിവുമുണ്ട്. ശരീരത്തില്‍ മുറിവുകളും മര്‍ദനമേറ്റതിന്റെ പാടുകളും ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാവിലെ പശുവിനെ കെട്ടാനെത്തിയ രണ്ടു പേരാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. കട്ടകള്‍ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. കയ്യില്‍ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍പ്പ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.