വടിയിൽ വെട്ടുകത്തി കെട്ടി ‘കരടി ബുദ്ധി’ പ്രയോഗിച്ചു! അമ്മയെ വെട്ടിയത് 12 തവണ; നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയ സൈക്കോ; ചെന്താമരയ്ക്ക് അർഹിച്ച വധശിക്ഷ!

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ സുധാകരനെയും അദ്ദേഹത്തിന്റെ പ്രായമായ അമ്മയെയും അതിക്രൂരമായ രീതിയില്‍ വെട്ടിവീഴ്ത്തിയ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഈ ചരിത്രവിധി പുറപ്പെടുവിച്ചത്. ഇരട്ടക്കൊലപാതകം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് ക്രൂരനായ കുറ്റവാളിക്ക് നിയമം അര്‍ഹിച്ച പരമാവധി ശിക്ഷയായ തൂക്കുകയര്‍ തന്നെ നല്‍കിയിരിക്കുന്നത്. ഇരയെ ഓടി രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിധം കടുത്ത ആസൂത്രണത്തോടെയാണ് പ്രതി ഈ ഇരട്ടക്കൊലപാതകം നടത്തിയത്.

ശത്രുവിന്റെ അടുത്തേക്ക് ചെന്നാല്‍ പ്രതിരോധമുണ്ടാകുമെന്ന ഭയത്താലാണ് വടിയില്‍ വെട്ടുകത്തി വച്ചുകെട്ടി നീളം കൂടിയ പ്രത്യേക ആയുധം പ്രതി നിര്‍മ്മിച്ചത്. വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി, സുധാകരന്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. ഇര ഒടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആദ്യം കാല്‍മുട്ടിന് താഴെയാണ് പ്രതി വെട്ടിയത്. ഇരയെ കാലിന് അടിച്ച് കീഴ്‌പ്പെടുത്തുന്ന കരടിയുടെ തന്ത്രമാണ് ഇവിടെ പ്രതി പ്രയോഗിച്ചതെന്ന് വ്യക്തം. ആയുധത്തിന്റെ നീളക്കൂടുതല്‍ കാരണം സുധാകരന് പ്രതിരോധിക്കാന്‍ പോലുമായില്ല.

ആദ്യ വെട്ടേറ്റ് നിലവിളിച്ച സുധാകരന്റെ കഴുത്തിന്റെ പിറകിലും തലയിലും പ്രതി ആഞ്ഞുവെട്ടി. ഈ അതിക്രൂരമായ ആക്രമണത്തില്‍ സുധാകരന്റെ വലതുകൈ അറ്റുനീങ്ങിയിരുന്നു. മകന്റെ നിലവിളി കേട്ട് ഓടിയെത്തിയ വയോധികയായ അമ്മ ലക്ഷ്മിയെയും പ്രതി ക്രൂരമായി ആക്രമിച്ചു. ലക്ഷ്മിയുടെ ശരീരത്തില്‍ മാത്രം പന്ത്രണ്ട് ആഴത്തിലുള്ള മുറിവുകളാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നത്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന മാരകമായ വെട്ടാണ് വയോധികയുടെ മരണത്തിന് കാരണമായത്.

പ്രതിയുടെ കുടുംബബന്ധം തകര്‍ത്തത് നീളമുള്ള മുടിയുള്ള സ്ത്രീയാണെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചതാണ് ഈ കൊലപാതക പരമ്പരകളിലേക്ക് വഴിതുറന്നത്. സുധാകരന്റെ ഭാര്യ സജിതയാണ് തന്റെ കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇയാള്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. ഇതിന്റെ പ്രതികാരമായി 2019 ഓഗസ്റ്റില്‍ സജിതയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്തി. ഈ കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതി, 2022-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ശേഷിച്ച കുടുംബാംഗങ്ങളെക്കൂടി വകവരുത്താന്‍ പദ്ധതിയിട്ടത്.

ജാമ്യത്തിലിറങ്ങിയാല്‍ സുധാകരനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് പ്രതി മുന്‍പ് ജയിലിനുള്ളില്‍ വെച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനായി എലവഞ്ചേരിയിലെ കടയില്‍ നിന്നും വാങ്ങിയ കൊടുവാള്‍ ഇയാള്‍ തലേദിവസം തന്നെ രാകി മൂര്‍ച്ച കൂട്ടിയിരുന്നു. എതിര്‍ക്കുന്നവരെ വെട്ടാനാണെന്ന് ഇയാള്‍ ബന്ധുക്കളോട് പറയുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കായി പണം ധൂര്‍ത്തിച്ചിരുന്ന പ്രതി, സുധാകരന്റെ കുടുംബത്തെ കൂടാതെ സ്വന്തം ഭാര്യ, മകള്‍, നാട്ടുകാരായ മറ്റ് മൂന്ന് സ്ത്രീകള്‍ എന്നിവരെക്കൂടി വധിക്കാന്‍ പട്ടിക തയ്യാറാക്കിയിരുന്നു.

സുധാകരന്‍ മരിക്കുന്നതിന് മുന്‍പ് ചെന്താമരയുടെ ഭീഷണിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയക്കുകയാണ് പോലീസ് ചെയ്തത്. നെന്മാറ സ്റ്റേഷന്‍ പരിധിയിലേക്ക് വരരുതെന്ന നിര്‍ദ്ദേശം ലംഘിച്ച് പ്രതി നാട്ടിലെത്തിയിട്ടും പോലീസ് അത് അറിഞ്ഞതേയില്ല. പോലീസിന്റെ ഈ കെടുകാര്യസ്ഥതയും അശ്രദ്ധയുമാണ് ഒടുവില്‍ രണ്ട് നിരപരാധികളുടെ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന വിമര്‍ശനം ശക്തമാണ്.

കൊലപാതകത്തിന് ശേഷം പ്രതി ഒരു സൈക്കോയെപ്പോലെ നെല്ലിയാമ്പതി, മാട്ടായി വനമേഖലയിലേക്ക് ഓടിക്കയറി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ഡ്രോണ്‍ സംവിധാനങ്ങളും ഉള്‍പ്പെടെ ഉപയോഗിച്ച് വനത്തിനുള്ളില്‍ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിചാരണയിലുടനീളം യാതൊരുവിധ കുറ്റബോധവും കാണിക്കാതിരുന്ന പ്രതിയെ ഒടുവില്‍ നിയമം കൃത്യമായി കുരുക്കുകയായിരുന്നു.

തിരുപ്പൂരില്‍ വണ്ടിയോടിച്ചിരുന്ന സുധാകരന്‍ വല്ലപ്പോഴും മാത്രമാണ് നാട്ടില്‍ വന്നിരുന്നത്. സംഭവദിവസം മകള്‍ അനഘയെ കാണാനായി ടൗണിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് പ്രതി ഒളിച്ചിരുന്ന് ആക്രമിച്ചത്. ക്ഷേമനിധി ബോര്‍ഡിലേക്കുള്ള രേഖകള്‍ തയ്യാറാക്കാന്‍ ടൗണില്‍ കാത്തുനിന്ന മകള്‍ അനഘ അറിയുന്നത് സ്വന്തം അച്ഛന്റെയും മുത്തശ്ശിയുടെയും മരണവാര്‍ത്തയായിരുന്നു. അമ്മയ്ക്ക് പിന്നാലെ അച്ഛനെയും മുത്തശ്ശിയെയും നഷ്ടപ്പെട്ട അനഘയും സഹോദരിയും മാത്രമാണ് ഇപ്പോള്‍ ആ കുടുംബത്തില്‍ ബാക്കിയുള്ളത്.

കോടതിമുറിയില്‍ വിചാരണ നേരിടുമ്പോഴും ജഡ്ജിയെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം. താന്‍ ഗാന്ധിജിയല്ലെന്നും വേണമെങ്കില്‍ തൂക്കിക്കൊന്നോളൂ എന്നും ഇയാള്‍ വിളിച്ചുപറഞ്ഞിരുന്നു. താന്‍ പുറത്തിറങ്ങിയാല്‍ സുധാകരന്റെ മക്കളെയും വധിക്കുമെന്ന സൂചന നല്‍കിയ പ്രതിക്ക്, സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി തൂക്കുകയര്‍ തന്നെ നല്‍കണമെന്ന പ്രൊസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നാലൂറ്റി എണ്‍പത് പേജുള്ള കുറ്റപത്രവും നൂറ്റി മുപ്പത്തിരണ്ട് സാക്ഷികളെയും മുപ്പതിലധികം രേഖകളും നിരത്തിയാണ് പ്രൊസിക്യൂഷന്‍ കുറ്റം തെളിയിച്ചത്. സാക്ഷികള്‍ പലരും കൂറുമാറിയെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും കൊടുവാള്‍ വാങ്ങിയ കടയുടമയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. നാടിനെ നടുക്കിയ ഈ അന്ധവിശ്വാസ കൊലപാതകത്തിന് കോടതി വധശിക്ഷ തന്നെ വിധിച്ചതോടെ നീതിപീഠത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഒരിക്കല്‍ക്കൂടി ഉറപ്പിക്കപ്പെടുകയാണ്.

English SummaryIn a shocking verdict, the court awarded the death penalty to the accused Chenthamara for the brutal and planned murder of Sudhakaran’s mother. The investigation revealed that the accused used a specially crafted long weapon by binding a chopper to a stick and launched a calculated attack. Applying a cruel ‘bear tactic’, he first struck the victim’s knee to prevent escape before hacking her neck and body 12 times with a sharp machete. Following the horrific crime, the psycho-like killer fled into the dense forests of Nelliampathy, where police captured him after a manhunt.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News