ദുബായ്:അടിത്തറയിട്ട് ഋതുരാജ് ഗെയ്ക്വാദും റോബിൻ ഉത്തപ്പയും, ഫിനിഷറായി ധോനി, ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ചെന്നൈ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഐ.പി.എല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് നാലുവിക്കറ്റിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകൾ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
അർധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക് വാദിന്റെയും റോബിൻ ഉത്തപ്പയുടെയും അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച നായകൻ എം.എസ്.ധോനിയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ചെന്നെയുടെ ഒൻപതാം ഐ.പി.എൽ പ്രവേശനമാണിത്. സ്കോർ: ഡൽഹി 20 ഓവറിൽ അഞ്ചിന് 172. ചെന്നൈ 19.4 ഓവറിൽ ആറിന് 173. തോറ്റെങ്കിലും ഡൽഹിയുടെ ഫൈനൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല. രണ്ടാം ക്വാളിഫയറിൽ ഡൽഹി നാളെ നടക്കുന്ന എലിമിനേറ്റർ മത്സര വിജയിയെ നേരിടും.
173 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവറിൽ തന്നെ വിശ്വസ്തനായ ഫാഫ് ഡുപ്ലെസിയെ നഷ്ടമായി. ആന്റിച്ച് നോർക്കെയുടെ അതിവേഗത്തിൽ വന്ന പന്ത് പ്രതിരോധിക്കുന്നതിൽ ഡുപ്ലെസ്സിയ്ക്ക് പിഴവ് സംഭവിച്ചു. പന്ത് വിക്കറ്റ് പിഴുതെടുത്തു. വെറും ഒരു റൺസ് മാത്രമാണ് താരത്തിന് നേടാനായത്.
ഡുപ്ലെസ്സിയ്ക്ക് പകരം ഋതുരാജ് ഗെയ്ക്വാദിന് കൂട്ടായി റോബിൻ ഉത്തപ്പ എത്തിയതോടെ ചെന്നൈയുടെ സ്കോറിങ്ങിന് ജീവൻ വെച്ചു. ഉത്തപ്പ ആക്രമിച്ചാണ് കളിച്ചത്. 5.5 ഓവറിൽ ടീം സ്കോർ 50 കടന്നു. ബാറ്റിങ് പവർപ്ലേയിൽ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസെടുത്തു.
പവർപ്ലേയ്ക്ക് ശേഷം ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റുവീശിയത്. പത്താം ഓവറിൽ ഉത്തപ്പ അർധശതകം പൂർത്തിയാക്കി. 35 പന്തുകളിൽ നിന്നാണ് താരം 50 തികച്ചത്. വൈകാതെ ഋതുരാജും തകർത്തടിക്കാൻ തുടങ്ങിയതോടെ ചെന്നൈ വിജയപ്രതീക്ഷ പുലർത്തി. 12.1 ഓവറിൽ ടീം സ്കോർ 100 കടന്നു. പിന്നാലെ ഉത്തപ്പയും ഋതുരാജും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.
അനായാസ വിജയത്തിലേക്ക് പോകുകയായിരുന്ന ചെന്നൈയ്ക്ക് തിരിച്ചടി സമ്മാനിച്ച് ടോം കറൻ റോബിൻ ഉത്തപ്പയെ പുറത്താക്കി. സ്കോർ 113-ൽ നിൽക്കേ സിക്സിന് ശ്രമിച്ച ഉത്തപ്പയെ മികച്ച ക്യാച്ചിലൂടെ ശ്രേയസ് അയ്യർ പുറത്താക്കി. 44 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 63 റൺസെടുത്ത ഉത്തപ്പ ഋതുരാജിനൊപ്പം 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ക്രീസ് വിട്ടത്.
ഉത്തപ്പ പുറത്തായതിന് പിന്നാലെ ഋതുരാജ് അർധസെഞ്ചുറിനേടി. 37 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. ഉത്തപ്പയ്ക്ക് പകരം സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ ശാർദുൽ ഠാക്കൂർ നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തിൽ തന്നെ ടോം കറന് വിക്കറ്റ് നൽകി താരം മടങ്ങി.
പിന്നാലെ വന്ന അമ്പാട്ടി റായുഡുവിനും പിടിച്ചുനിൽക്കാനായില്ല. അനാവശ്യ റണ്ണിന് ശ്രമിച്ച റായുഡുവിനെ ശ്രേയസ് അയ്യർ റൺ ഔട്ടാക്കി. വെറും ഒരു റണ്ണാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ 113 ന് ഒന്ന് എന്ന സ്കോറിൽ നിന്ന് 119 ന് നാല് എന്ന നിലയിലേക്ക് ചെന്നൈ വീണു. റൺറേറ്റും കുത്തനെ ഇടിഞ്ഞു.
ആറാമനായി ക്രീസിലെത്തിയ മോയിൻ അലിയെ കൂട്ടുപിടിച്ച് ഋതുരാജ് ചെന്നൈ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. മോശം പന്തുകൾ കണ്ടെത്തി പ്രഹരിച്ച ഋതുരാജ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അവസാന രണ്ടോവറിൽ ചെന്നൈയ്ക്ക് വിജയിക്കാൻ 24 റൺസാണ് വേണ്ടിയിരുന്നത്. 19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ ഋതുരാജിനെ മടക്കി ആവേശ് ഖാൻ മത്സരം വീണ്ടും ഡൽഹിയ്ക്ക് അനുകൂലമാക്കി. ആവേശ്ഖാന്റെ ലോ ഫുൾടോസ് സിക്സ് നേടാനുള്ള ഋതുരാജിന്റെ ശ്രമം പാളി. ഷോട്ട് അക്ഷർ പട്ടേലിന്റെ കൈയ്യിലൊതുങ്ങി. 50 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 70 റൺസെടുത്ത ശേഷമാണ് താരം ഋതുരാജ് ക്രീസ് വിട്ടത്. ഈ ഇന്നിങ്സോടെ ഋതുരാജ് ഈ സീസണിൽ 600 റൺസ് മറികടന്നു. ഈ നേട്ടം കൈവരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ മൂന്നാമത്തെ താരം മാത്രമാണ് താരം.
ഋതുരാജിന് പകരം ധോനി ക്രീസിലെത്തി. ഒരു കിടിലൻ സിക്സടിച്ച് ധോനി സമ്മർദം കുറച്ചു. അവസാന ഓവറിൽ ചെന്നൈയുടെ വിജയലക്ഷ്യം 13 റൺസായി. ടോം കറൻ എറിഞ്ഞ ആദ്യ പന്തിൽ തന്നെ 16 റൺസെടുത്ത മോയിൻ അലി പുറത്തായി. അലിയ്ക്ക് പകരം ജഡേജയാണ് ക്രീസിലെത്തിയത്. രണ്ടാം പന്ത് നേരിട്ട ധോനി പന്ത് ബൗണ്ടറി കടത്തി. അടുത്ത പന്തിലും ധോനി ഫോർ നേടിയതോടെ വിജയലക്ഷ്യം മൂന്ന് പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. ഒരു വൈഡ് കൂടി ടോം കറൻ ചെയ്തതോടെ വിജയലക്ഷ്യം നാലായി. നാലാം പന്തിൽ വീണ്ടും ഫോറടിച്ച് ധോനി ചെന്നൈയ്ക്ക് വേണ്ടി വിജയം നേടി. വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ധോനി പുറത്തെടുത്തത്. വെറും ആറ് പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ ധോനി 18 റൺസെടുത്ത് പുറത്താവാതെ നിന്നു.
ഡൽഹിയ്ക്ക് വേണ്ടി ടോം കറൻ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആന്റിച്ച് നോർക്കെ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. അർധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും നായകൻ ഋഷഭ് പന്തിന്റെയും മികവിലാണ് ഡൽഹി മികച്ച സ്കോർ പടുത്തുയർത്തിയത്. ഷിംറോൺ ഹെറ്റ്മെയറും മികച്ച പ്രകടനം പുറത്തെടുത്തു.