ചെന്നൈ: ജീവനക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ആരോപണങ്ങൾ നടി നിഷേധിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായെന്ന് കാണിച്ച് 2022 ഒക്ടോബറിൽ പാർവതി നായർ ചെന്നൈ നുംഗമ്പക്കാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നിടത്താണ് സംഭവങ്ങളുടെ തുടക്കം.
നുഗംബക്കാതെ തന്റെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്ടോപ്പും കാണാതായെന്നും, വീട്ടിൽ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവാവിനെ സംശയം ഉണ്ടെന്നും ആയിരുന്നു പരാതി. പിന്നാലെ നടിയും സഹായികളും മർദിച്ചെന്ന് കാണിച്ച് സുഭാഷ് പൊലീസിൽ പരാതി നൽകി. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്‌തെന്നും സുഭാഷ് മാധ്യമങ്ങളടും പറഞ്ഞു.
പരാതിയിൽ നടപടി ഇല്ലെന്ന് കാണിച്ച കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. കോടതി നിർദേശപ്രകാരം അന്ന് ഇപ്പോൾ പാർവതിക്കും ഏഴ് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നഷ്ടമായ പണം വീണ്ടെടുക്കാൻ നിയമവഴി മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നും സുഭാഷിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പാർവതി പ്രതികരിച്ചു.
വീട്ടിൽ മോഷണം നടന്നുവെന്ന് ബോധ്യമായ ശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു എന്നുമായിരുന്നു നടിയുടെ ആരോപണം. ദേശീയ വനിത കമ്മീഷന് അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പാർവതി പറഞ്ഞു. ജെയിംസ് ആൻഡ് ആലിസ്, തുടങ്ങിയ മലയാള സിനിമകളിൽ അഭിമയിച്ചിട്ടുള്ള പാർവതി അടുത്തിടെ ഹിറ്റായ വജ്ജയ് ചിത്രം ഗോട്ടിന്റെയും ഭാഗമായിരുന്നു.