ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിച്ചു കഴിഞ്ഞതായി കാലാവസ്ഥാ വകുപ്പ്. ഇന്നലെ ഉച്ചയോടെയാണ് കാറ്റ് ആന്ധ്രാതീരം തൊട്ടത്. 110 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ചെന്നൈ നഗരത്തിലുടനീളം വൈദ്യുതി മുടങ്ങിയത് ജനങ്ങളെ വലച്ചു. എന്നാൽ 80 ശതമാനം ഇടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
ആകെ 17 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്‌ടമായത്. അതേസമയം, മത്സ്യബന്ധന ബോട്ടുകളിലും ഫാം ട്രാക്ടറുകളിലും എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ചൊവ്വാഴ്‌ച നഗരത്തിൽ ഒറ്റപ്പെട്ട ആളുകളെ രക്ഷപ്പെടുത്താൻ തീവ്രശ്രമം നടത്തിയിരുന്നു. തിങ്കളാഴ്‌ച, തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ മിഷോങ് ചുഴലിക്കാറ്റ് വീശിയടിച്ചതിനാൽ നഗരത്തിലും സമീപ ജില്ലകളും പെയ്‌ത മഴ കനത്ത വെള്ളക്കെട്ടിലേക്കാണ് നയിച്ചത്.
ചെന്നൈയിലുടനീളമുള്ള എല്ലാ മഴ ബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജില്ലാ ഡിസാസ്‌റ്റർ റെസ്‌പോൺസ് ടീമുകൾ (ഡിഡിആർടി) രൂപീകരിച്ചു. താംബരവത്തിലെ എയർഫോഴ്‌സ് സ്‌റ്റേഷനും നാവികസേനയും രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനങ്ങളിലും പങ്കാളികളായി.
ചെന്നൈയിലെ ഒമ്പത് ജില്ലകളിലായി 61,000 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നഗരത്തിലെ വെള്ളപ്പൊക്ക ലഘൂകരണ പ്രവർത്തനങ്ങൾക്കായി ചെന്നൈ കോർപ്പറേഷൻ മറ്റ് ജില്ലകളിൽ നിന്ന് 5000 തൊഴിലാളികളെ ഇവിടേക്ക് എത്തിച്ചിട്ടുമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്‌ചയും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
തമിഴ്‌നാടിന് പുറമെ ആന്ധ്രാപ്രദേശിലും ചുഴലിക്കാറ്റ് വെള്ളപ്പൊക്കം, റോഡുകളുടെ നാശം എന്നിവ ഉണ്ടാക്കി. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ കനത്ത മഴയെ തുടർന്ന് കനാലുകളും നദികളും കരകവിഞ്ഞൊഴുകുകയാണ്.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് കോനസീമ, കാക്കിനാഡ, കൃഷ്ണ, ബാപട്ല, പ്രകാശം എന്നീ 7 ജില്ലകളിൽ നിന്ന് 211 ദുരിതാശ്വാസ ക്യാമ്പുകളിൽ ആയി 9454 പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായി നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
അതേസമയം, മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയുടെ തെക്കൻ ജില്ലകളിലും ചൊവ്വാഴ്‌ച മഴ പെയ്‌തു. മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, ഗജപതി, ഗഞ്ചം എന്നീ അഞ്ച് തെക്കൻ ജില്ലകളിൽ ഒഡീഷയിലെ ദ്രുതകർമ സീനയുടെ അഞ്ച് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.