ധരംശാല: ബാറ്റുകൊണ്ടും പന്തുകൊണ്ടും രവീന്ദ്ര ജഡേജ മിന്നിയ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ജഡേജയുടെ ബാറ്റിംഗ് കരുത്തില്‍ 168 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
26 പന്തില്‍ 43 റണ്‍സുമായി ചെന്നൈയുടെ ടോപ് സ്കോററായ ജഡേജ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. ജയത്തോടെ 12 പോയന്‍റുമായി ചെന്നൈ പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ 11 കളികളില്‍ 8 പോയന്‍റുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 167-9, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 139-9.
168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനെ ഞെട്ടിച്ചത് രണ്ടാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെ ഏല്‍പ്പിച്ച ഇരട്ടപ്രഹരമായിരുന്നു. അഞ്ചാം പന്തില്‍ ജോണി ബെയര്‍സ്റ്റോയെ(7) ക്ലീന്‍ ബൗള്‍ഡാക്കിയ ദേശ്പാണ്ഡെ അടുത്ത പന്തില്‍ റിലീ റോസോയെ ബൗള്‍ഡാക്കി. പ്രഭ്‌സിമ്രാന്‍ സിംഗും ശശാങ്ക് സിംഗും പിടിച്ചു നിന്നതോടെ പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളിത്താലെ പഞ്ചാബ് 67 റണ്‍സിലെത്തി.
എട്ടാം ഓവറില്‍ 62-2 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന പഞ്ചാബിന് പക്ഷെ മിച്ചല്‍ സാന്‍റ്നറുടെ പന്തില്‍ ശശാങ്ക് സിംഗിനെ(20 പന്തില്‍ 27) നഷ്ടമായത് തിരിച്ചടിയായി. അടുത്ത ഓവറിലെ അവസാന പന്തില്‍ പ്രഭ്‌സിമ്രനെ(23 പന്തില്‍ 30) മടക്കി ജഡേജ പഞ്ചാബിന്‍റെ തകര്‍ച്ച വേഗത്തിലാക്കി. പത്താം ഓവറില്‍ ജിതേഷ് ശര്‍മയെ(0) ഗോള്‍ഡന്‍ ഡക്കാക്കി സിമര്‍ജീത് സിംഗും പഞ്ചാബിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. 62-2ല്‍ നിന്ന് 72-ലേക്ക് കൂപ്പുകുത്തിയ പഞ്ചാബിന്‍റെ അവസാന പ്രതീക്ഷയും തകര്‍ത്ത് പതിമൂന്നാം ഓവറില്‍ ജഡേജ ക്യാപ്റ്റന്‍ സാം കറനെയും(7), അശുതോഷ് ശര്‍മയെയും(3) വീഴ്ത്തിയതോടെ പഞ്ചാബിന്‍റെ പോരാട്ടം തീര്‍ന്നു.
അവസാന ഓവറുകളില്‍ ഹര്‍പ്രീത് ബ്രാറും(17), ഹര്‍ഷല്‍ പട്ടേലും(12), രാഹുല്‍ ചാഹറും(16) കാഗിസോ റബാഡയും(11) നടത്തിയ പോരാട്ടം പഞ്ചാബിന്‍റെ തോല്‍വി ഭാരം കുറച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സിമര്‍ജീത് സിംഗ് മൂന്നോവറില്‍ 16 റണ്‍സിനും തുഷാര്‍ ദേശ്പാണ്ഡെ 35 റണ്‍സിനും രണ്ട് വിക്കറ്റെടുത്തു
നേരത്ത ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജ, ക്യാപ്റ്റന്‍ റുതരാജ് ഗെയ്ക്‌വാദ്(21 പന്തില്‍ 32), ഡാരില്‍ മിച്ചല്‍(19 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചത്. 25 പന്തില്‍ 43 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. എം എസ് ധോണിയും ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായപ്പോള്‍ പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേലും രാഹുല്‍ ചാഹറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.