ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്‌നവുമായി ഇറങ്ങിയ പിഎസ്ജിയെ മുട്ടുകുത്തിച്ച് ആറാം കിരീടം നേടി ബയേണ്‍ മ്യൂണിക്ക്. ഏകപക്ഷീയ ഒരു ഗോളിനാണ് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ബയേണിന്റെ വിലപ്പെട്ട ഗോള്‍ നേടിയത് കിംഗ്സ്ലി കോമാന്‍ ആണ്. 59 ആം മിനുട്ടിലായിരുന്നു പിഎസ്ജിയുടെ കിരീട മോഹങ്ങള്‍ എറിഞ്ഞുടച്ച ഗോള്‍ പിറന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയെ 8-2 ന് തകര്‍ത്ത ബയേണ്‍ ആക്രമണത്തിനെതിരെ പിഎസ്ജി പിടിച്ചു നിന്നെങ്കിലും അത് വന്‍ തോല്‍വി ഇല്ലാതാക്കാന്‍ മാത്രമെ സാധിച്ചൊള്ളൂ. നെയ്മര്‍-എംബാപ്പെ-ഡി മരിയ സഖ്യത്തിന്റെ ആക്രമണ വീര്യമായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാം ഇല്ലാതെയായി. ആദ്യ പകുതി ഇരു ടീമുകളും മികച്ച പ്രടനം തന്നെ കാഴ്ച വച്ചു. മാനുവല്‍ ന്യൂയറും കീലര്‍ നവാസും ഗോളുകള്‍ വീഴാതിരിക്കാന്‍ കഠിന പരിശ്രമം തന്നെ നടത്തി. ബയേണ്‍ മ്യൂണിക്കിന്റെ ജെറോം ബോട്ടെംഗിന് പരിക്ക് പറ്റിയതോടെ 25 ആം മിനുട്ടില്‍ നിക്ലാസ് സുലെയെ പകരക്കാരനാക്കി ഇറക്കി. പിഎസ്ജി ബയേണ്‍ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. നെയ്മറിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ന്യൂയര്‍ തട്ടിയകറ്റി. എംബപ്പെക്കും ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാം പാഴായി.
ആദ്യ പകുതി പോലെ, രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടു. പക്ഷേ ബുണ്ടസ്ലിഗ ചാമ്പ്യന്‍മാരുടെ ശാന്തതയാണ് വിജയത്തിന് വഴിയൊരുക്കിയത്. ജോഷ്വ കിമ്മിച്ച് 59 ആം മിനുട്ടില്‍ നല്‍കിയ ക്രോസില്‍ കിംഗ്സ്ലി കോമാന്‍ ബയേണിന്റെ ഏക ഗോള്‍ നേടി. 1-0 ലീഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ആത്മവിശ്വാസം ബയേണ്‍ മ്യൂണിക്കിന് നല്‍കി. കളിയുടെ അവസാന ഘട്ടത്തില്‍ സ്‌കോറുകള്‍ സമനിലയിലാക്കാന്‍ പിഎസ്ജി അടുത്തെത്തിയെങ്കിലും പരാജയപ്പെട്ടു.
പിഎസ്ജി നിരയില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവെയ്ക്കാനെ നെയ്മര്‍ക്ക് കഴിഞ്ഞുള്ളൂ.കിട്ടിയ അവസരങ്ങള്‍ വലയിലെത്തിക്കാന്‍ എംബാപ്പെയ്ക്കും സാധിച്ചില്ല. സില്‍വയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയുടെ മികവാണ് പിഎസ്ജിയെ ഫൈനലിലെ വന്‍ പരാജയത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ചാമ്പ്യന്‍ ലീഗ് എന്തുവില കൊടുത്തും നേടിയെടുക്കാന്‍ കോടികള്‍ വാരിയെറിഞ്ഞാണ് ടീമിനെ ഉണ്ടാക്കിയെടുത്തത്. കാനറികളുടെ സുല്‍ത്താനെ കൂടാരത്തിലെത്തിച്ചതും അതിനു വേണ്ടി തന്നെ എന്നാല്‍ ലെവന്‍ഡോസ്‌കിക്കും മുള്ളറിനും കൊമാനും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. എന്തായാലും ചാമ്പ്യന്‍ ലീഗ് ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ എത്തി എന്ന ആശ്വാസത്തിലും മികച്ച പ്രകടനത്തിന്റെ പോരായ്മയില്‍ സങ്കടത്തിലും പിഎസ്ജിക്ക് മടങ്ങാം.