ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‍കാരം മൂന്നുപേര്‍ പങ്കിടും. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‍ക്കാരം. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‍കാരം പങ്കിട്ടത്. ബാരി ഷര്‍പ്ലെസിന് പുരസ്‍കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്.
ഭൗതിക ശാസ്ത്ര നോബേൽ പുരസ്‍കാരത്തിന് ഇത്തവണ അര്‍ഹരായതും മൂന്ന് പേരാണ്. ഫ്രാൻസിൽ നിന്നുള്ള ഏലിയാൻ ഏസ്പെക്ടിനും അമേരിക്കകാരനായ ജോൺ എഫ് ക്ലോസർക്കും ഓസ്ട്രിയയിൽ നിന്നുള്ള ആന്‍റോണ്‍ സെലിങർക്കുമാണ് പുരസ്‍ക്കാരം. ക്വാണ്ടം മെക്കാനിക്സിലെ കണ്ടുപിടുത്തങ്ങൾക്കാണ് അംഗീകാരം. ക്വാണ്ടം തിയറിയിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്കാണ് മൂന്ന് പേരും നേതൃത്വം നൽകിയത്. പ്രത്യേക സാഹചര്യങ്ങളിൽ രണ്ട് കണങ്ങൾ പരസ്‍പരം വേര്‍പെട്ടാലും ഒന്നായി പ്രവർത്തിക്കും എന്നത് അടക്കമുള്ള നിരീക്ഷങ്ങളാണ് നൊബേൽ സമിതി പരിഗണിച്ചത്.
വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞൻ സ്വാന്‍റേ പേബൂവിനാണ്. മനുഷ്യ പരിണാമ പഠനത്തിലെ അപൂർവ സംഭാവനകൾക്കാണ് അംഗീകാരം. പേബൂവിന്‍റെ അച്ഛൻ സുനേ ബഗേസ്റ്റോമിനായിരുന്നു 1982 ലെ നൊബേൽ പുരസ്കാരം. മനുഷ്യവംശത്തിലെ വംശനാശം സംഭവിച്ച വിഭാഗങ്ങളെക്കുറിച്ചായിരുന്നു സ്വാന്‍റേയുടെ പഠനം. നിയാർത്തണ്ടൽ മനുഷ്യരുടെ ജനിതിക ഘടന വേർതിരിച്ചെടുക്കുകയെന്ന അസാധ്യ ദൗത്യം പൂർത്തികരിച്ചതിനാണ് പുരസ്കാരം.