പത്തനംതിട്ട: വഴിയോരങ്ങളില്‍ ഇപ്പോള്‍ സുലഭമായികിട്ടുന്ന രണ്ടു വസ്തുക്കളാണ് തണ്ണിമത്തനും ഓറഞ്ചും. നൂറു രൂപയ്ക്ക് ചിലയിടങ്ങളില്‍ രണ്ടും ചിലയിടങ്ങളില്‍ മൂന്നും കിലോ ഓറഞ്ച് വരെ കിട്ടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ വഴിയോരങ്ങളില്‍ നിന്നു വാങ്ങുന്ന ഓറഞ്ച് ഭക്ഷിക്കുന്നവരെ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ദീര്‍ഘകാലം കേടുവരാതിരിക്കാനുള്ള രാസവസ്തു കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഓറഞ്ച് കഴിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓറഞ്ചിനുള്ളില്‍ രാസവസ്തു കണ്ടെത്തിയത്.
ഗുളിക രൂപത്തിലാണ് രാസവസ്തു കണ്ടെത്തിയത്. എന്നാല്‍ ഇവ സിറിഞ്ച് ഉപയോഗിച്ച് കുത്തിവച്ചതാണെന്നും അകത്തെത്തി ഉറച്ച് ഗുളികരൂപത്തിലായതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ലക്ഷ്മി മനോജിന്റെ നേതൃത്ത്വിലുള്ള സംഘമാണ് പരിശോധന നടത്തി ഓറഞ്ചിനുള്ളില്‍ രാസവസ്തു കണ്ടെത്തിയത്. ഇങ്ങനെ വഴിയോരങ്ങളില്‍ നിന്ന് ഓറഞ്ച് വാങ്ങി കഴിക്കുന്നവര്‍ അവയില്‍ ഇത്തരം രാസവസ്തു കലര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.