കൊച്ചി:കടലാക്രമണത്തിൽനിന്ന് ചെല്ലാനത്തിന് കവചമൊരുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച കടൽത്തീരസംരക്ഷണ പദ്ധതിയുടെ ആദ്യഘട്ടം ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താൻ ചെല്ലാനത്ത് എത്തിയതായിരുന്നു മന്ത്രി.
പദ്ധതിയുടെ നിർമാണകരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസി) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കെ ജെ മാക്സി എംഎൽഎയും പങ്കെടുത്തു.
ജലസേചനവകുപ്പിനു കീഴിൽ 344.20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടം 40 ശതമാനം നിർമാണം പൂർത്തിയായി. ബസാർ ഭാഗംകൂടി ഉൾപ്പെടുത്തി നിർമാണം അതിവേഗം പൂർത്തിയാക്കും. ഈ ഭാഗങ്ങളിൽ ആറു പുലിമുട്ടുകൾ സ്ഥാപിക്കാനുണ്ട്. സമാന്തരമായി നടപ്പാതകൾകൂടി നിർമിക്കുന്നതോടെ ബീച്ച് മാതൃകയിലേക്ക് പ്രദേശം മാറും. കണ്ണമാലി പ്രദേശത്തെ നിർമാണത്തിന്റെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കൽ നടപടികൾ അവസാനഘട്ടത്തിലാണെന്ന് യുഎൽസിസി അധികൃതർ അറിയിച്ചു. ഇത് പൂർത്തിയായാൽ ഉടൻ ജലവിഭവ വകുപ്പ് കിഫ്‌ബിക്ക് സമർപ്പിക്കും. മന്ത്രിസഭയുടെ അനുമതി ഉൾപ്പെടെ വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
വിജയം കനാൽ നവീകരണത്തിന് മൂന്നുകോടി രൂപ ജലവിഭവ വകുപ്പ് അനുവദിച്ചിട്ടുണ്ട്. പുറത്തേക്ക് വെള്ളം ഒഴുകി പോകാനുള്ള സംവിധാനമായി അതുമാറും. തീരദേശ റോഡിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ മനുഷ്യരുടെ ജീവിതനിലവാരം ഉയർത്താനായി മാതൃക മത്സ്യഗ്രാമം വൈകാതെ ആരംഭിക്കും. അന്തിമ പദ്ധതിരേഖ കുഫോസ് സമർപ്പിച്ചു. ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗമതിയാണ് ലക്ഷ്യമിടുന്നത്. ചെല്ലാനത്തെ കടൽഭിത്തി നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കും. ആശങ്കകൾക്ക് ഇടയില്ലാത്ത രൂപത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചെല്ലാനം ചാളക്കടവിലും ഹാർബറിനുസമീപവും നിർമാണം നടക്കുന്ന പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. കെ ജെ മാക്സി എംഎൽഎ, ജനസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ ബാജി ചന്ദ്രൻ, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബി അബ്ബാസ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ സി എൻ സന്തോഷ്, ഊരാളുങ്കൽ പ്രതിനിധികളായ സുനിൽകുമാർ രവി, എൻ രമേഷ്, സുരേഷ് കുമാർ, നിതിൻ ബെർനാഡ്, തുടങ്ങിയവരും പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News