വീട്ടമ്മയുമായി പ്രണയം നടിച്ചു; 10 പവൻ കെെക്കലാക്കി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പ്രണയം നടിച്ച് തട്ടിപ്പ്; 10 പവൻ കെെക്കലാക്കി, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

നീലേശ്വരം: പ്രണയം നടിച്ച് സ്ത്രീയിൽനിന്ന്‌ 10 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ നീലേശ്വരം മാർക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്‌ടർ കെ. ബൈജു അറസ്റ്റ് ചെയ്‌തത്.

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഒരു വീട്ടമ്മയെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരിചയപ്പെട്ട് മൂന്നുദിവസം കൊണ്ടാണ് പണയം വയ്ക്കാൻ എന്ന് പറഞ്ഞ് ഷെനീർ 10 പവൻ തട്ടിയെടുത്തത്. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ വീട്ടമ്മ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കേസെടുത്ത മെഡിക്കൽ കോളേജ് പോലീസ് നീലേശ്വരം പോലീസിന്റെ സഹായത്തോടെയാണ് ഷെനിറിനെ അറസ്റ്റ് ചെയ്‌തത്‌. ഏതാനും മാസം മുമ്പ് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടമ്മയെയും സമാനരീതിയിൽ ഇയാൾ തട്ടിപ്പിനിരയാക്കിയിരുന്നു. വീട്ടമ്മ പോലീസിൽ പരാതി നൽകിയെങ്കിലും പണം തിരിച്ചുനൽകി അന്ന് കേസ് ഒതുക്കിതീർക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News