കല്‍പ്പറ്റ: തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് തുക കൈപ്പറ്റി തട്ടിപ്പ് നടത്തിയയാളെ പാലാ പൊലീസ് തന്ത്രപരമായി പിടികൂടി. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43)യാണ് പിടിയിലായത്. പുരുഷന്മാര്‍ വിളിച്ചാല്‍ സംസാരിക്കാതെ ഫോണ്‍കട്ട് ചെയ്യുന്നയാളെ വനിതാ പൊലീസുകാര്‍ ചാറ്റ് ചെയ്താണ് വലയിലാക്കിയതെന്ന് പാലാ പൊലീസ് പറഞ്ഞു. ആറു മാസമായി പാലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നിരവധി വീടുകളില്‍ നിന്നും ഇയാള്‍ തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു.
പിന്നീട് പറഞ്ഞ സമയത്തിനുള്ളില്‍ സാധനം ലഭിക്കാതെ വന്നപ്പോള്‍ ബെന്നിയെ വിളിച്ച് അന്വേഷിക്കുന്നവരോട് പ്രതി കയര്‍ത്തു സംസാരിക്കുകയായിരുന്നു. നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും വിവിധ ജില്ലകളില്‍ കറങ്ങി തട്ടിപ്പ് നടത്തിയിരുന്ന ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പരാതികള്‍ ഏറിയതോടെ സൈബര്‍ സെല്‍ ഇ.ാളെ നിരീക്ഷണത്തിലാക്കി. പൊലീസുകാര്‍ നിരവധി തവണ വിളിച്ചെങ്കില്‍ സംസാരിക്കാന്‍ കൂട്ടാക്കാതെ ഇയാള്‍ ഫോണ്‍കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സ്‌റ്റേഷനിലെ വനിതാപോലീസുകാര്‍ പ്രതിയോട് തന്ത്രപരമായി ചാറ്റ് ചെയ്‌സൗഹൃദത്തിലായത്. കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് പാലായിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
ആറുമാസത്തിനുള്ളില്‍ വിവിധ ജില്ലകളില്‍ നിന്നായി 15 ലക്ഷത്തോളം രൂപ തട്ടിപ്പുനടത്തിയതായി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ടായിരം രൂപ വരെയായിരുന്നു ബെന്നി മുന്‍കൂര്‍തുകയായി വാങ്ങിയിരുന്നത്. തട്ടിപ്പിലൂടെ കിട്ടുന്ന തുക ആഢംബര ജീവിതത്തിനും ചെരുപ്പുകള്‍ വാങ്ങിക്കൂട്ടുന്നതിനുമാണ് ചെലവഴിച്ചിരുന്നത്. കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് 400 ജോഡി ചെരുപ്പുകളും ഉപയോഗിച്ച നിരവധി രസീത് ബുക്കുകളും പോലീസ് കണ്ടെടുത്തു.
സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരേ പത്ത് ജില്ലകളില്‍ കേസുണ്ട്. ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണില്‍ അശ്ലീല സംസാരം നടത്തിയതിനും കേസുകള്‍ ഉള്ളതായി പോലീസ് ്അറിയിച്ചു. പരാതി ലഭിക്കുമ്പോള്‍ സ്റ്റേഷനില്‍ നിന്നു വിളിക്കുന്ന പോലീസുകാരെ ചീത്ത വിളിക്കുന്നതും ഇയാള്‍ പതിവാക്കിയിരുന്നു.
പാലാ ഡിവൈ.എസ്.പി: ഷാജു ജോസിന്റെ നിര്‍ദേശത്തില്‍ പാലാ എസ്.എച്ച്.ഒ: കെ.പി തോംസണ്‍, എസ്.ഐ: എം.ഡി. അഭിലാഷ്, എ.എസ്.ഐ: ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുമോള്‍, ഷെറിന്‍ സ്റ്റീഫന്‍, ഹരികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.