കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ പിതാവില്‍നിന്ന് പണംതട്ടിയെന്ന പരാതി വാര്‍ത്തയായതോടെ പണം തിരികെ നല്‍കി തടിയൂരാൻ ആരോപണവിധേയന്റെ ശ്രമം. 50,000 രൂപയാണ് ഇയാള്‍ ഇപ്പോള്‍ തിരികെ നല്‍കിയത്.
കുട്ടിയുടെ കുടുംബത്തിനായി സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ ധനസഹായത്തില്‍ നിന്ന് 1,20,000 രൂപയാണ് സൂക്ഷിക്കാമെന്ന് പറഞ്ഞ് പലതവണകളായി മുനീര്‍ വാങ്ങിയത്. ഇതില്‍ 70,000 രൂപ നേരത്തേ മുനീര്‍ തിരികെ നല്‍കിയിരുന്നു. ബാക്കി പണമാണ് ഇപ്പോള്‍ നല്‍കിയത്.
പണം തട്ടിയ വാര്‍ത്ത പുറത്തുവരികയും വിവാദമാകുകയും ചെയ്തതോടെയാണ് മുനീര്‍ മുഴുവന്‍ പണവും തിരികെ നല്‍കിയിരിക്കുന്നത്. പണം തന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ പിതാവ് നേരത്തേ പറഞ്ഞിരുന്നു.
മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് കൂടിയായ മുനീര്‍ നന്നായി ഹിന്ദി സംസാരിക്കുന്നയാളാണ്. ഭാഷാസഹായിയായാണ് ഇയാള്‍ കുടുംബത്തിനൊപ്പം കൂടിയത്. ജൂലൈ 28-നാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പിന്നീട് ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെയുള്ള തിയ്യതികളില്‍ ഇയാള്‍ പലതവണയായി കുടുംബത്തിന്റെ പക്കല്‍ നിന്ന് പണം വാങ്ങുകയായിരുന്നു.
ആകെ വാങ്ങിയ 1,20,000 രൂപയില്‍ 70,000 രൂപ മാത്രമാണ് മുനീര്‍ തിരികെ നല്‍കിയത്. ബാക്കി തുക ചോദിച്ചെങ്കിലും ഇയാള്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. തുടര്‍ന്ന് ഈ മാസം അഞ്ചാം തിയ്യതി മറ്റ് രണ്ട് പേരുടെ സാന്നിധ്യത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഡിസംബര്‍ 20-നകം ബാക്കി പണം നല്‍കാമെന്ന് മുനീര്‍ എഴുതി ഒപ്പിട്ട് നല്‍കിയെന്നും പിതാവ് പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ പിതാവിന്റെ എ.ടി.എം. കാര്‍ഡ് തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും പിതാവ് ആവശ്യപ്പെട്ട പ്രകാരം പണമെടുത്ത് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മുനീര്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് ആരോപിച്ച മുനീര്‍ പിതാവിനെതിരെ പോലീസ് സ്‌റ്റേഷനില്‍ കേസുണ്ടെന്നും പറഞ്ഞു.