29.5 C
Kottayam
Tuesday, May 7, 2024

എംഇഎസിന്‍റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തി,ഡോ. ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Must read

കോഴിക്കോട്: എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടക്കാവ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഇഎസിന്‍റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തിയെന്ന എംഇഎസ് അംഗത്തിന്‍റെ പരാതിയിലാണ് കേസ്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ ആളാണ് പരാതി നല്‍കിയതെന്നും പരാതിക്ക് അടിസ്ഥാനമില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറും മറ്റ് ചില ഭാരവാഹികളും ചേര്‍ന്ന് എംഇഎസിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമെടുക്കുന്നതിന്‍റെ പേരില്‍ 3.81 കോടി രൂപ തിരിമറി നടത്തി എന്നാണ് എംഇഎസ് അംഗം നവാസിന്‍റെ പരാതി. പുതിയ ഓഫീസ് മന്ദിരവും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും നിര്‍മിക്കാനെന്ന പേരില്‍ സ്ഥലം വാങ്ങുകയും വില്‍പന നടത്തുകയും ചെയ്ത് എംഇഎസിന്‍റെ പണം വകമാറ്റി ചെലവഴിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു.

എംഇഎസ് പ്രസിഡണ്ട് ഡോക്ടര്‍ ഫസല്‍ ഗഫൂറിന്‍റെ മകന്‍ മാനേജിംഗ് ഡയറക്ടറായ കമ്പനിക്ക് എംഇഎസിന്‍റെ ഫണ്ട് ചട്ടം ലംഘിച്ച് കൈമാറിയെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. കൂടാതെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് എംഇഎസിന്‍റെ തുക കൈമാറിയതിന്‍റെ പാരിതോഷികമായി ഫസല്‍ ഗഫൂറിന് ഭൂമി കിട്ടിയതായും പരാതിക്കാര്‍ പറയുന്നു.

അങ്ങനെ എംഇഎസിന്‍റെ ഫണ്ട് പ്രസിഡണ്ടായ ഫസല്‍ഗഫൂറും ചില ഭാരവാഹികളും ചേര്‍ന്ന് സ്വന്തം കാര്യത്തിന് വേണ്ടി ഉപയോഗിച്ചെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. നേരത്തെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാത്തതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടക്കാവ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാല്‍ പരാതി കെട്ടിച്ചമച്ചതാണമെന്നും എംഇഎസ്സിന് വേണ്ടി കെട്ടിടം പണിയാന്‍ ഭൂമി വാങ്ങാനാണ് പണം ഉപയോഗിച്ചതെന്നുമാണ് ഫസല്‍ഗഫൂറിന്‍റെ വിശദീകരണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week