പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരേ കാപ്പ ചുമത്തി

ജീവനെടുത്തത് മൂന്നു പേരുടെ; പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരേ കാപ്പ ചുമത്തി

കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതിക്കെതിരേ കാപ്പ ചുമത്തി. മൂന്ന് പേരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ചേന്ദമംഗലം കിഴക്കുംപുറം പേരേപ്പാടം ഭാഗത്ത് കണിയാംപറമ്പില്‍ വീട്ടില്‍ റിതു ജയനെ(27)തിരേയാണ് കാപ്പ ചുമത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് റിതു ജയന്‍.

ചേന്ദമംഗലം പേരേപ്പാടം ഭാഗത്ത് ഇയാളുടെ അയല്‍വാസികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി വേണു, വേണുവിന്റെ ഭാര്യ ഉഷ, ഇവരുടെ മകള്‍ വിനീഷ എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ മര്‍ദ്ദിച്ചത് തടഞ്ഞ വിനീഷയുടെ ഭര്‍ത്താവ് ജിതിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ നാലുമാസത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. പതിനൊന്നും ആറും വയസ്സുള്ള വിനീഷയുടെ മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.

സംഭവത്തില്‍ വടക്കേക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. 2025 ജനുവരി 16 നായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. കേസില്‍ നിലവില്‍ ജയിലിലാണ് പ്രതി. കേസ് അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് ഒരു മാസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വടക്കേക്കര ഇന്‍സ്പെക്ടര്‍ കെ.ആര്‍ ബിജു, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.എസ് സുനില്‍, സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News