KeralaNews

മഴ തുടരും, അലർട്ടുകളിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗത്തിന്റെ മഴ അലർട്ടുകളിൽ മാറ്റം.  ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. വയനാട് മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് വടക്കൻ കേരളത്തിലെയും നാളെ തെക്കൻ കേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക്  സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. 

മധ്യകിഴക്കൻ അറബിക്കടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയിൽ പൻജിംനും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു. കിഴക്ക് – വടക്ക് കിഴക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി കുറയാനാണ് സാധ്യത.

ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം നിലവിൽ തെക്ക് കിഴക്കൻ ജാർഖണ്ഡിനും, പശ്ചിമ ബംഗാളിനും, വടക്കൻ ഒഡീഷക്കും മുകളിൽ സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസവും മഴയും ഇടിയും മിന്നലും തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.  

അറബിക്കടലിലെ തീവ്രന്യൂനമർദ്ദം കരകയറിയോടെയാണ് ശക്തി കുറഞ്ഞത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ദുർബലമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറയുമെങ്കിലും ഇടവേളകളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് അറിയിപ്പ്. തീരമേഖലകളിലും മലയോരമേഖലകളിലും മഴ തുടരും. കേരളാ, ക‌ർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

കാലവർഷം കേരളാ തീരത്ത് നിന്ന് പിൻവാങ്ങിയിട്ടില്ലെങ്കിലും ജൂൺ ഒന്ന് മുതൽ കണക്കാക്കുന്ന മൺസൂൺ സീസൺ ഇന്നലെ അവസാനിച്ചു. ഒരൊറ്റ ദിവസം പോലും ശരാശരിയേക്കാൾ കൂടുതൽ മഴ കിട്ടാതിരുന്ന ആഗസ്റ്റ് അവസാനിച്ചപ്പോൾ, 48 ശതമാനമായിരുന്നു സീസണിലെ മഴക്കുറവ്.

സെപ്റ്റംബറിൽ ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതോടെ കാലവർഷം കനിഞ്ഞു. സാധാരണ 271.1 മി.മീ മഴ കിട്ടേണ്ട സെപ്റ്റബംറിൽ ഇത്തവണ കിട്ടിയത്, 415.1 മി.മീ മഴയാണ്. പകുതിയിലധികം ദിവസങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ കിട്ടി. ഇതോടെ സീസണിലെ മഴക്കുറവ് 34 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയ മഴ കൂടിയില്ലായിരുന്നെങ്കിൽ വലിയ മഴക്കുറവ് കേരളം നേരിടേണ്ടി വരുമായിരുന്നു. ഇനി കിട്ടുന്ന മഴ തുലാവർഷത്തിന്റെ കണക്കിൽ കൂട്ടും. തുലാവർഷക്കാലത്ത് സാധാരണയെക്കാൾ കൂടുതൽ മഴ  കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker