കോട്ടയം: ഉപതിരഞ്ഞെടുപ്പിൽ ചില ബൂത്തുകളിലെ പോളിങ് മന്ദഗതിയിലായതിൽ നടത്തിയ പ്രതികരണത്തിനെതിരെ വന്ന ട്രോളുകൾക്കു മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ജനങ്ങളുടെ ബുദ്ധിമുട്ടിനെതിരെയാണു ഞാൻ സംസാരിച്ചത്. അതിന്റെ പേരിൽ എന്നെ മോശക്കാരനാക്കിയാൽ പോട്ടേയെന്നു വയ്ക്കുമെന്നും ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. സാങ്കേതികത്വത്തിന് അപ്പുറം മനുഷ്യത്വം പരിഗണിക്കണമെന്നാണ് പിതാവ് കാണിച്ചുതന്ന പാത. അതാണ് ഉദ്ദേശിച്ചതെന്നും അതിന്റെ പേരിൽ ട്രോളിയാൽ അതു കണക്കിലെടുക്കുന്നില്ലെന്നും ചാണ്ടി വ്യക്തമാക്കി.
‘‘ഞാൻ ടെക്നിക്കാലിറ്റീസ് വിശ്വസിക്കാത്തയാളാണ്. ടെക്നിക്കാലിറ്റികൾക്ക് അപ്പുറം മനുഷ്യത്വം പരിഗണിക്കണം. എന്റെ പിതാവ് എനിക്കു കാണിച്ചുതന്ന പാത അതാണ്. ടെക്നിക്കാലിറ്റി വച്ച് ആളുകളെ ബുദ്ധിമുട്ടിക്കാൻ പാടില്ല. ഞാനതേ ഉദ്ദേശിച്ചിട്ടുള്ളൂ. എന്തു സാഹചര്യത്തിലും വേറൊരു അവസരം ഒരുക്കിക്കൊടുക്കാൻ സാധിക്കുമോ അതെല്ലാം ചെയ്യണം. കാരണം ആളുകൾ മണിക്കൂറുകൾ നിന്നു ബുദ്ധിമുട്ടുകയാണ്. അവരുടെ സമയത്തിനു വിലയില്ലേ. സാധ്യമല്ലെന്ന് എനിക്കറിയാം. എങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനും മറ്റ് അധികാരികളും അതിനുള്ള പരിഗണന പോലും കൊടുക്കണ്ടേ.
എന്റെ സഹപൗരന്മാർ ഇത്രയും നേരം നിന്നു ബുദ്ധിമുട്ടുകയാണ്. ഞാൻ രാവിലെ മുതൽ ഇതു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12ന് മുൻപുതന്നെ ഈ പരാതി പറഞ്ഞു. എത്ര മണിക്കൂറാണ് അവർ നിൽക്കുന്നത്. എനിക്ക് നിയമമോ ടെക്നിക്കാലിറ്റിയോ അല്ല മുഖ്യം, ജനങ്ങളുടെ ബുദ്ധിമുട്ടാണു പ്രശ്നം. ആ ബുദ്ധിമുട്ട് ഞാൻ സംസാരിക്കും. അതിന്റെ പേരിൽ എന്നെ ട്രോളിയാലോ മോശക്കാരനാക്കി കാണിച്ചാലോ ഞാനതു കണക്കാക്കുന്നില്ല, സാരമില്ലെന്നു വിചാരിക്കും.
കാരണം, ഇവിടുത്തെ സാധാരണക്കാരനുവേണ്ടി ഞാൻ ശബ്ദമുയർത്തി. എന്നെ ഇന്നലെ ആ ഗുണ്ടകൾ ആക്രമിച്ചാൽപ്പോലും അതു വകവയ്ക്കില്ല. മറ്റൊരാൾക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്. പൊലീസ് നോക്കിനിൽക്കെയാണ് എന്റെ നേരെ ഗുണ്ടാ ആക്രമണം ഉണ്ടായത്. എന്താണ് ഇത്ര കാലതാമസമെന്ന് പ്രിസൈഡിങ് ഓഫിസറോട് ചോദിക്കുമ്പോൾ അദ്ദേഹം ഓരോ ഒഴിവുകഴിവു പറയുകയാണ്. അപ്പോഴാണ് ഇവരെത്തുന്നത്. പൊലീസ് ഇവരോട് പോകാൻ പറയുന്നില്ല. ഇതൊരു ശരിയായ നടപടിയല്ല. പരാതി നൽകി. മറുപടി വരട്ടെ’’–ചാണ്ടി ഉമ്മൻ പറഞ്ഞു.
‘‘തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെ കാര്യങ്ങൾ ഒന്നുംതന്നെ വേദനിപ്പിച്ചിട്ടില്ല. ഇതിലേറെ മാരകമായ പ്രചാരണങ്ങൾ ഇതിനുമുൻപു നടത്തിയിട്ടില്ലേ. അതുകൊണ്ട് ഇതൊന്നും ഒന്നുമല്ല. സോളർ കേസിന്റെ സമയത്തു നടത്തിയ കാര്യങ്ങൾ, എന്റെ പിതാവിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, എന്റെ കുടുംബത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, അതൊക്കെ വച്ചു നോക്കുമ്പോൾ ഇതെന്തുവാ? എന്റെ സഹോദരിയുടെ കുറച്ചുകാര്യങ്ങൾ പറഞ്ഞതൊന്നും വലിയ കാര്യമല്ല. അവരുടെ ജീവിതശൈലി അങ്ങനെയായിരിക്കാം. അവരുടെ ജോലിയുടെ ഭാഗം അങ്ങനെയായിരിക്കാം. ഇല്ലാത്ത കാര്യങ്ങളല്ലേ ഇതിനുമുൻപ് പറഞ്ഞുകൊണ്ടിരുന്നത്.
ഞാനും പി.സി. വിഷ്ണുനാഥും ഒരുമിച്ചു ദുബായിൽ പോയതിന് ഇവിടെ ഒരു പത്രം എന്താണ് അടിച്ചുവച്ചതെന്ന് എനിക്ക് അറിയാം. അതിനു വേറൊരു തലം കൊടുത്തു വാർത്ത വരുത്തി. എത്രനാളായി ഇങ്ങനെ കള്ളക്കഥകൾ പറഞ്ഞ് ആരെയാണ് ഈ വഞ്ചിക്കാൻ ശ്രമിക്കുന്നത്. സത്യമാണ് ഏറ്റവും വലിയ ഈശ്വരൻ.
സത്യം പുറത്തുവരാതിരിക്കില്ല. സത്യത്തിനുമാത്രമേ അന്തിമ വിജയമുള്ളൂ. ചിലപ്പോൾ പതിറ്റാണ്ടുകൾ പോരാടേണ്ടി വന്നേക്കും. ഒൻപതു വർഷക്കാലം ഇതു പറഞ്ഞുകൊണ്ടിരുന്നില്ലേ. എന്നിട്ടും എന്തായി. സിബിഐ റിപ്പോർട്ട് എന്താണ്? കോടതി അത് അംഗീകരിച്ചില്ലേ? കള്ളം പറഞ്ഞ് ഫലിപ്പിക്കാൻ പറ്റുമായിരിക്കും. പക്ഷേ, സത്യം അന്തിമമായി ജയിച്ചിരിക്കും’’ – ചാണ്ടി ഉമ്മൻ വ്യക്തമാക്കി.