തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിനുശേഷം ആദ്യമായി കേരളത്തിലെത്തിയ സോമനാഥ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ചന്ദ്രയാൻ മൂന്നിന്‍റെ വിജയത്തിൽ അഭിമാനിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കും നമ്മൾ സഞ്ചരിക്കും. അതിനുള്ള ആത്മവിശ്വാസം നമുക്കുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സ്വീകരണത്തിന് നന്ദിയുണ്ട്. ഐഎസ്ആർഒയുടെ ദൗത്യങ്ങൾക്ക് രാജ്യം മുഴുവൻ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് അഭിമാന മുഹൂർത്തമാണ്. നൂറു ശതമാനം വിജയകരമായ ദൗത്യം. ശാസ്ത്രീയ പര്യവേക്ഷണങ്ങൾ തുടരുകയാണ്. സൗര പര്യവേക്ഷണം ആദിത്യ L1 ലോഞ്ച് സെപ്റ്റംബർ ആദ്യവാരമുണ്ടാകും. തീയതി രണ്ട് ദിവസത്തിനുള്ളിൽ താൻ അനൗൺസ് ചെയ്യും.
ചന്ദ്രയാൻ 3 ചിത്രങ്ങൾ എടുക്കുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നല്ല ചിത്രങ്ങൾ പിന്നാലെ വരും. വരുന്നത് നിരവധി ദൗത്യങ്ങളാണ്. എല്ലാ മാസവും വാർത്ത പ്രതീക്ഷിക്കാം. പ്രഗ്യൻ ലൻഡറിന്‍റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും. ജപ്പാനുമായി ചേർന്നുള്ള ലൂപക്‌സ് പദ്ധതി വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എസ് സോമനാഥ് വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിനു പേരിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ കേന്ദ്രം ഇനി ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് മോദി പ്രഖ്യാപിച്ചു. ലാൻഡർ മുദ്രപതിച്ച സ്ഥലം ‘തിരംഗ’ എന്ന പേരിലും അറിയപ്പെടും. ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ബംഗളൂരുവിൽ ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണു പ്രഖ്യാപനം. ചന്ദ്രയാൻ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനെത്തിയതായിരുന്നു മോദി.
ശിവശക്തി പോയിന്റ് വരുന്ന തലമുറകളെ പ്രചോദിപ്പിക്കും. എല്ലാ ഹൃദയത്തിലും വീട്ടിലുമെല്ലാം ‘തിരംഗ'(പതാക) ഉണ്ടായിരുന്നു. ഇനിയിതാ ചന്ദ്രനിലും ഒരു തിരംഗ. ശാസ്ത്രത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് അതു നൽകുന്നത്. ചന്ദ്രയാൻ 3 ദൗത്യം വിജയിപ്പിക്കുന്നതിൽ സ്ത്രീകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ നേട്ടത്തിൽ ലോകത്തെങ്ങുമുള്ള ജനങ്ങൾ വലിയ ആവേശത്തിലാണ്-മോദി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലും ഗ്രീസിലും പര്യടനത്തിലായിരുന്നെങ്കിലും മനസ് ഇവിടെയായിരുന്നുവെന്നം മോദി പറഞ്ഞു. എത്രയും പെട്ടെന്ന് നിങ്ങളെ നേരിൽകണ്ട് അഭിവാദ്യം അർപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു. നമ്മൾ ഒടുവിൽ നമ്മുടെ പതാക ചന്ദ്രനിൽ പതിച്ചിരിക്കുകയാണ്. ഇതാണു പുതിയ ഇന്ത്യ. ചില നിമിഷങ്ങൾ അനശ്വരവും നിത്യഹരിതവുമാകും. അത്തരത്തിലൊന്നാണിത്. ചന്ദ്രയാൻ പകർത്തിയ പുതിയ ദൃശ്യങ്ങൾ കണ്ടുവെന്നും എല്ലാം വിസ്മയിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
ചന്ദ്രയാൻ ഇന്ത്യയുടെ മാത്രം വിജയമല്ല, മനുഷ്യരാശിയുടെ ഒന്നാകെ വിജയമാണ്. ലോകമൊന്നടങ്കം നമ്മുടെ വിജയം അംഗീകരിച്ചുകഴിഞ്ഞു. ലോകത്തിനൊന്നാകെ ചാന്ദ്രപദ്ധതികൾക്കുള്ള കവാടമാകും നമ്മുടെ ദൗത്യം-മോദി കൂട്ടിച്ചേർത്തു.