ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് വീട്ടിൽ വീണ് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇടുപ്പെല്ലിന് പൊട്ടലേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് സൂചന. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിൽ ചികിത്സയിലാണ് 69കാരൻ.
2014 മുതൽ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ.സി.ആർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടേറ്റ പരാജയത്തിന് ശേഷം വീട്ടിൽ കഴിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മത്സരിച്ചെങ്കിലും കാമറെഡ്ഡിയിൽ തോറ്റപ്പോൾ ഗജ് വേൽ സീറ്റിൽ ജയിച്ചുകയറിയിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ രേവന്ത് റെഡ്ഡിയും കെ.സി.ആറും തമ്മിലുള്ള പോരാട്ടത്തിലൂടെ രാജ്യശ്രദ്ധ നേടിയ കാമറെഡ്ഡി മണ്ഡലത്തിൽ പക്ഷെ ജയിച്ചു കയറിയത് ബി.ജെ.പിയുടെ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിയായിരുന്നു.
119 അംഗ തെലങ്കാന നിയമസഭയിൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. കെ.സി.ആറിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബി.ആർ.എസ്) 39 സീറ്റുകളിലാണ് വിജയിക്കാനായത്.
തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി സ്ഥാനമേറ്റിരുന്നു. 11 അംഗങ്ങളുള്ള മന്ത്രിസഭയും ചുമതലയേറ്റു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്ത ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. മല്ലു ഭട്ടി വിക്രമാർക ഉപമുഖ്യമന്ത്രിയായി.
എൻ.ഉത്തംകുമാർ റെഡ്ഡി, കെ.വെങ്കട്ട റെഡ്ഡി, സി.ദാമോദർ രാജനരസിംഹ, ഡി.ശ്രീധർ ബാബു, പി.ശ്രീനിവാസ റെഡ്ഡി, പൊന്നം പ്രഭാകർ, കോണ്ട സുരേഖ, ഡി.അനസൂയ (സീതക്ക) ടി.നാഗേശ്വര റാവു, ജെ.കൃഷ്ണറാവു എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരിലെ ഉത്തം കുമാർ റെഡ്ഡി (61) വ്യോമസേനയിലെ മുൻ പൈലറ്റാണ്. 7 തവണ നിയമസഭാംഗമായി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് പ്രചാരണ സമയത്ത് നൽകിയ 6 വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഫയലിലും ശാരീരിക അവശതയുള്ള വനിതയ്ക്ക് ജോലി നൽകുന്ന ഫയലിലും ആണ് മുഖ്യമന്ത്രി ആദ്യം ഒപ്പുവച്ചത്.
അതിനിടെ, മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ബിഹാറിൽ നിന്ന് കുടിയേറിയ വ്യക്തിയാണെന്നും ‘തെലങ്കാന ഡിഎൻഎ ബിഹാർ ഡിഎൻഎയേക്കാൾ ശ്രേഷ്ഠം’ ആണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത് വിവാദമായി. മുഖ്യമന്ത്രി മാപ്പു പറയണമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.