ന്യൂഡൽഹി: ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പേരില് വരണാധികാരി അനിൽ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി. മെയർ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു പരാമർശം. ചരിത്രത്തിലാദ്യമായാണ് ഒരു വരണാധികാരിയെ ചീഫ് ജസ്റ്റിസ് വിചാരണ ചെയ്യുന്നത്.
ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങൾ പരിശോധിച്ച കോടതി ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടുവെന്നും വരണാധികാരിയെ വിചാരണചെയ്യേണ്ടതാണെന്നും വാക്കാൽ നിരീക്ഷിച്ചിരുന്നു. മസീഹിനോട് 19-ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കവേയാണ് പ്രോസിക്യൂട്ട് ചെയ്യണമെന്ന് പറഞ്ഞത്.
ബാലറ്റ് പേപ്പറുകൾ ചൊവ്വാഴ്ച പരിശോധനയ്ക്കായി കൊണ്ടുവരാൻ കോടതി നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നതിന് പകരം മറ്റൊരു റിട്ടേണിങ് ഓഫീസറെക്കൊണ്ട് വോട്ടുകൾ വീണ്ടും എണ്ണിക്കണമെന്ന് ആദ്യം നിർദ്ദേശിച്ചെങ്കിലും ബാലറ്റ് പേപ്പറുകൾ പരിശോധിച്ച ശേഷം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതിനെ ചൂണ്ടികാട്ടി “കുതിരക്കച്ചവടം” ഗൗരവമുള്ള കാര്യമാണെന്നും സുപ്രീം കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പിനെതിരേ ആം ആദ്മി പാർട്ടി നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ ഞായറാഴ്ച രാത്രി മേയർ മനോജ് സോങ്കർ രാജിവെച്ചിരുന്നു.
ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് ലഭിച്ചത്. ചണ്ഡീഗഢിലെ 8 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും ചേർന്നാണ് ബിജെപിയെ നേരിട്ടത്.
35 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി, കോൺഗ്രസ് സഖ്യത്തിന് 20 വോട്ടുകളുടെയും ബിജെപിക്ക് 15 വോട്ടുകളുടെയും പിന്തുണയുണ്ടായിരുന്നു. 19 വോട്ടുകളുടെ ഭൂരിപക്ഷം എഎപി, കോൺഗ്രസ് സഖ്യം അനായാസം മറികടക്കുമെന്ന് വിലയിരുത്തിയ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകുന്നതായിരുന്നു പരാജയം. കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെയാണ് ബി.ജെ.പി. സ്ഥാനാർഥി മനോജ് സോങ്കർ മേയറായി ജയിച്ചത്.