കോട്ടയം:ശബരിമല മണ്ഡല,മകരവിളക്കിനോടനുബന്ധിച്ച് 11,12 തീയതികളിൽ എരുമേലിയിൽ നടക്കുന്ന ചന്ദനക്കുടം, പേട്ടതുള്ളൽ എന്നിവക്കായി ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
ഇതിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും, സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർക്കും പുറമേ 200 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും. ചന്ദനക്കുടം, പേട്ടതുള്ളല്‍ ദിവസങ്ങളില്‍ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ മോഷണം, പിടിച്ചുപറി , മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി എരുമേലി കേന്ദ്രീകരിച്ച് മഫ്റ്റി പോലീസിനെ നിയോഗിക്കും.
കൂടാതെ എരുമേലിയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നിരീക്ഷണ ക്യാമറകളും ഇതിനായി പ്രയോജനപ്പെടുത്തും. എരുമേലിയിലും പരിസരപ്രദേശങ്ങളിലും അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. ഈ ദിവസങ്ങളിൽ പോലീസ് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
കരിങ്കല്ലുമൂഴി മുതൽ കണമല വരെയുള്ള ദൂരപരിധിയിൽ നിരീക്ഷണത്തിനായി ബൈക്ക് പെട്രോളിങ് ടീമിനെ ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ എരുമേലിയിൽ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ സുരക്ഷാ മുൻകരുതലെന്നോണം പോലീസ് വ്യോമ നിരീക്ഷണവും,ഡ്രോണ്‍ ഉപയോഗിച്ചുള്ള പ്രത്യേക നിരീക്ഷണവും നടത്തിവരുന്നതായും ,അടിയന്തര സാഹചര്യമുണ്ടായാൽ അത് നേരിടുന്നതിനുവേണ്ടി പ്രത്യേകം പരിശീലനം നേടിയ QRT ടീമിനെയും നിയോഗിക്കുമെന്നും എസ്പി പറഞ്ഞു.