KeralaNews

‘വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂ’; ജയിലിലേക്കുള്ള വഴിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: റിമാൻഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ. വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് രാഹുൽ പറഞ്ഞത്.

രാഹുലിനെ കോടതിയിൽ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവർത്തകർ തടിച്ചുകൂടുകയും ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. പൊലീസ് രാഹുലിനെ പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുപോയത്. 14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

ജാമ്യാപേക്ഷ നൽകിയെങ്കിലും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് 2 കോടതി രാഹുലിന്റെ ഹർജി തള്ളുകയായിരുന്നു. ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി വിധി. രാഹുലിന്റെ വൈദ്യ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം നിഷേധിച്ചത്.

നിയമവിരുദ്ധമായി സംഘം ചേർന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാർക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം നൽകി. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രതികളെ പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സർക്കാർ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. രാഹുലിന് ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.

രാഹുലിൻ്റേതും സംഘത്തിൻ്റേതും നിയമവിരുദ്ധ സംഘം ചേരലെന്ന് കോടതി പറഞ്ഞു. പൊലീസിനെ അക്രമിച്ച പട്ടികകളുമായി എന്തിനാണ് മാർച്ചിന് വന്നതെന്നും കോടതി ചോദിച്ചു. സംഘർഷത്തിൻ്റെ തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കിയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.

ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ രാഹുലിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതി സമാന കുറ്റകൃത്യം അവർത്തിക്കുമെന്നും ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. തുടർ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് വാഹനം ഉൾപ്പെടെ തകർത്തതിനാണ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുത്തത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെയും 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 31 പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. വി ഡി സതീശന് പുറമേ ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സന്റ് എംഎല്‍എ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തി ചാര്‍ജിലുമായി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. വനിതാ ഇന്‍സ്പെക്ടര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker