FeaturedHome-bannerKeralaNews

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മത്സ്യബന്ധത്തിനുള്ള വിലക്കും തുടരുകയാണ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായും സംസ്ഥാനത്ത് മഴ ലഭിക്കും.

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങി. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിർദേശം നല്‍കി. വ്യാഴാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകും. അതിശക്തമായ മഴയും കാറ്റുമുണ്ടാകും. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. സാഹചര്യം കണക്കിലെടുത്ത്67 ട്രെയിനുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉന്നതതല യോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. 

സംസ്ഥാനത്ത് രാത്രിമുതല്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുകയാണ്. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയിൽ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാത്തമംഗലം കെട്ടാങ്ങലിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. ആളപായമില്ല. മുക്കത്ത് നിന്നും ഫയർഫോഴ്സെത്തി മരംമുറുച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു. തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൃശൂര്‍ എളവള്ളിയില്‍ മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച വൈകട്ടായിരുന്നു ദാരുണമായ സംഭവം അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡരികിലെ വീട്ടുപറമ്പില്‍ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാളിക്കുട്ടിയെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. അതിനിടയില്‍ മരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ്  അപകടം സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.  പുറത്തേക്ക് പോയിരുന്ന കാളിക്കുട്ടിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററകലെയാണ് സംഭവം. നടന്നുവരികയായിരുന്ന ഇവരുടെ ദേഹത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. അപകടത്തില്‍ കാളിക്കുട്ടിയുടെ തോളെല്ലുകള്‍ പൊട്ടി. കാലില്‍ തുടയുടെ ഭാഗത്തും തലയിലും മുറിവ് പറ്റി. 

മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. അതേസമയം തൃശൂരില്‍ കാലവര്‍ഷം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. പലയിടത്തും ജൂണില്‍ ഇതു വരെ കിട്ടേണ്ട മഴയില്‍ കുറവുണ്ട്. എന്നാല്‍ പെയ്യുന്ന മഴയാകട്ടെ കനത്തതുമാണ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനുമുമ്പേ കാലവര്‍ഷ കെടുതികള്‍ തുടങ്ങി. 

തിരുവനന്തപുരം പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം. ആറ് വീടുകൾ പൂർണമായി തകർന്നു. നാല് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. തകർന്ന വീടുകളിലെയും കടലെടുക്കാൻ സാധ്യതയുള്ള വീടുകളിലെയുമായി 37 കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു.

ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കാണ് മാറ്റിയത്. മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിപാർപ്പിച്ചു. കൂടുതൽ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നുണ്ട്. കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂർണമായും കടലെടുത്തു. ഇന്ന് വൈകീട്ടോടെയാണ് വീടുകളിലേക്ക് കടലടിച്ച് കയറിയത്. അതേസമയം, സംസ്ഥാനത്ത് ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button