തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതൽ കാസർകോട് വരെ 8 ജിലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന്(ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു.വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ് സ്‌കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ് കരിങ്കുറ്റി, കോട്ടനാട് യു.പി സ്‌കൂള്‍, വെങ്ങപ്പള്ളി ആര്‍.സി എല്‍.പി സ്‌കൂള്‍, മാനന്തവാടി താലൂക്കിലെ അമൃദ വിദ്യാലയം, ചിറക്കൊല്ലി പൂര്‍ണിമ ക്ലബ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. ദില്ലിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. മിന്നൽ പ്രളയമുണ്ടായ ഹിമാചൽ പ്രദേശിലും, വ്യാപക നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലും ദേശീയ ദുരന്ത നിവാരണ സേനയടക്കം തുടരുന്നുണ്ട്.
മഹാരാഷ്ട്രയിൽ മഴ വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. ഇന്ന് റായ്ഗഡ്, രത്നഗിരി, പൂനെ, സത്താര എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ്. മുംബൈ താനെ പാൽഖർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.