തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. തെക്കൻ കേരളത്തിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരീയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം സ്ഥിതി ചെയ്യുകയാണ്. ഇത് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തിയും ദുർബലമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മലയോര, ചുരം രാത്രിയാത്രയ്ക്ക് ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഉത്തരേന്ത്യയെ ദുരിതത്തിലാക്കി കനത്ത മഴ തുടരുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ അടുത്ത രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചു പോയി. വീടുകൾ തകർന്നു.
മഴക്കെടുതിയെ തുടർന്ന് ഹിമാചൽ പ്രദേശിൽ 6000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 188 പേർക്ക് ജീവൻ നഷ്ടമായതായും ഹിമാചൽ സർക്കാർ അറിയിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ് . അതിശക്തമായ മഴയെ തുടർന്ന് മുംബൈ, റായ്ഗഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.