EntertainmentKeralaNews

മലയാളത്തിന്റെ ചിത്രയ്ക്കിന്ന് പിറന്നാള്‍,ഷഷ്ഠി പൂര്‍ത്തി നിറവില്‍ വാനമ്പാടി

കൊച്ചി:മലയാളികളുടെ കാതില്‍ തേന്‍മഴയായി വന്നുതൊട്ട കെ എസ് ചിത്രയ്ക്ക് ഇന്ന് 60 -ാം പിറന്നാള്‍. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ല്‍ ആകാശവാണിയിലൂടെയാണ് ചിത്രനാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സ്. എണ്‍പതുകളോടെ ചിത്രഗീതങ്ങള്‍ക്ക് ഇടവേളകളില്ലാതെയായി. മലയാളത്തിന്‍റെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി. തെലുങ്കില്‍ സംഗീത സരസ്വതിയും, കന്നഡയില്‍ ഗാനകോകിലയുമായി പലഭാഷങ്ങളില്‍ പലരാഗങ്ങളില്‍ ചിത്രസ്വരം നിറഞ്ഞു.

ചിത്രശബ്ദത്തിനൊപ്പം മൂളാതെ ഒരു ദിനം കടന്നു പോവുക മലയാളിക്ക് ഇന്ന് അസാധ്യം. കാതോരം പ്രണയവും വിരഹവും സന്തോഷവുമെല്ലാം ഭാവവൈവിധ്യങ്ങളായി പെയ്ത നാദധാര. സംഗീതാസ്വാദകരുടെ ഉള്ളുതൊട്ട ആ ആലാപന മികവിനെ ദേശവും രാജ്യവും ആദരിച്ചു.

16 തവണയാണ് കേരള സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്. 11 തവണ ആന്ധ്രപ്രദേശിന്‍റെ മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിന്‍റെയും മൂന്ന് തവണ കര്‍ണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിന്‍റെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.

1985 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്‍റെ മികച്ച ഗായിക ചിത്രയായിരുന്നു. ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം. 1999, 2001, 2002, 2005, 2016 വര്‍ഷങ്ങളിലും സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തി.

നഖക്ഷതങ്ങളിലെ മഞ്ഞള്‍പ്രസാദവും, ഒരു വടക്കന്‍ വീരഗാഥയിലെ കളരി വിളക്ക് തെളിഞ്ഞതാണോ, സവിദത്തിലെ മൌനസരോവരം, ദേവരാഗത്തിലെ ശശികല ചാര്‍ത്തിയ, വൈശാലിയിലെ ഇന്ദുപുഷ്പം, നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണന്‍റെ, നോട്ടത്തിലെ മയങ്ങിപ്പോയി തുടങ്ങി ചിത്രയ്ക്ക് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പാട്ടുകളെല്ലാം ഒറ്റവാക്കില്‍ ഓർമയിലെത്തും വിധം മലയാളികള്‍ക്ക് പരിചിതമാണ്.

1988 ലാണ് തമിഴ്നാടിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ആദ്യമായി ചിത്രക്ക് ലഭിക്കുന്നത്. അഗ്നി നച്ചത്തിരം എന്ന ചിത്രത്തിലെ നിന്നുകൂരി വര്‍ണം എന്ന ഗാനത്തിനായിരുന്നു അത്. 1990 ല്‍ കിഴക്കുവാസലിലെ വന്തതേയ് കുങ്കുമം, 1995 ല്‍ ബോംബെയിലെ കണ്ണാളനേ, 2004 ല്‍ ഓട്ടോഗ്രാഫിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനങ്ങള്‍ക്കും തമിഴ്നാട് പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചു.

11 തവണയാണ് ആന്ധ്രപ്രദേശ് സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള നന്ദി പുരസ്കാരം ചിത്രയ്ക്ക് ലഭിച്ചത്. കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രക്ക് ലഭിച്ചിട്ടുണ്ട്.

മലയാളികളുടെ വാനമ്പാടി തമിഴര്‍ക്ക് ചിന്നക്കുയിലാണ്. 1997 ല്‍ തമിഴ്നാട് സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ കലൈമാമണി നല്‍കിയാണ് ചിത്രയെ ആദരിച്ചത്. 1985 ല്‍ ഇളയരാജയാണ് ചിത്രയെ തമിഴില്‍ പരിചയപ്പെടുത്തുന്നത്. അക്കൊല്ലം ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 11 ചിത്രങ്ങളിലാണ് ചിത്ര പാടിയത്. ഇളയരാജയെ കൂടാതെ എ ആര്‍ റഹ്‌മാന്‍, എം എസ് വിശ്വനാഥന്‍, കീരവാണി, ഗംഗൈ അമരന്‍, ഹംസലേഖ, എസ് പി വെങ്കിടേഷ്, ശങ്കര്‍-ഗണേഷ്, വിദ്യാസാഗര്‍, ചന്ദ്രബോസ്, ദേവ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ചിത്ര പാടി. തമിഴ് സിനിമകള്‍ക്ക് മാത്രമായി ചിത്ര പാടിയത് രണ്ടായിരത്തിലേറെ ഗാനങ്ങള്‍.

ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തതും ഇളയരാജയുടെ പാട്ടാണ്. സിന്ധുഭൈരവിയിലെ പാടറിയേ പഠിപ്പറിയേ എന്ന ഗാനത്തിനായിരുന്നു പുരസ്കാരം. മൂന്നു തവണ തമിഴ്, രണ്ടു തവണ മലയാളം, ഒരു തവണ ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായാണ് 6 തവണ ദേശീയ പുരസ്കാരം ചിത്രയെ തേടിയെത്തിയത്. മികച്ച ചലച്ചിത്ര പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ഗായികയും ചിത്ര തന്നെ.

1985 ല്‍ പുറത്തിറങ്ങിയ തമിഴ്ചിത്രം സിന്ധുഭൈരവിയിലൂടെ ദേശീയനേട്ടം സ്വന്തമാക്കിയതിന് തൊട്ടടുത്ത വർഷം ബോംബെ രവി ഈണം നൽകിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ മഞ്ഞൾപ്രസാദം എന്നു തുടങ്ങുന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ അവാർഡും ചിത്രയെ തേടിയെത്തി. 1988ല്‍ വൈശാലി എന്ന ചിത്രത്തിലെ ഇന്ദു പുഷ്പം ചൂടി എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ അവാർഡ് ചിത്ര സ്വന്തമാക്കി.

1996ൽ എ ആർ റഹ്മാൻ ഈണം നൽകിയ മിൻസാരക്കനവ് എന്ന ചിത്രത്തിനും 1997ൽ അനു മാലിക്ക് ഈണം നൽകിയ വിരാസത്ത് എന്ന ഹിന്ദി ചിത്രത്തിനും 2004ൽ ഭരദ്വാജ് ഈണം നൽകിയ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിനും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ഏറ്റവും കൂടുതല്‍ തവണ ദേശീയപുസ്കാരം നേടുന്ന പിന്നണി ഗായിക എന്ന നേട്ടം ചിത്ര സ്വന്തമാക്കി.

അസാധാരണത്വമുള്ള സാധാരണത്വം എന്നോ, തിരിച്ചോ പറയാവുന്ന ഒന്ന് എന്നാണ് ചിത്രയുടെ ആലാപനത്തെ സംഗീതജ്ഞന്‍ ഷഹബാസ് അമന്‍ വിശേഷിപ്പിച്ചത്. ഈ വാക്കുകള്‍ കെ എസ് ചിത്രയെന്ന വിസ്മയത്തിന്‍റെ രത്നചുരുക്കമാണ്. ഇത് മലയാളത്തിന്‍റെ സ്വര മാധുര്യത്തിന്‍റെ മഹാഘോഷമാണ്. കാല, ദേശ, ഭാഷാ അതിർവരമ്പുകൾക്കപ്പുറം അനുവാചകരുടെ ഹൃദയത്തിലേക്ക് ലയിച്ച ചിത്രവര്‍ണത്തിന് ഇന്ന് ഷഷ്ടിപൂർത്തി. തലമുറകളുടെ ജീവിതാവസ്ഥകളുടെ ഋതുഭേദങ്ങളെ രാഗ താള പദാശ്രയത്തില്‍ അലിയിച്ച ആ സ്വരവിസ്മയത്തിന് നന്ദി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button