തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും ഇന്ന് പുറപ്പെടുവിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഇടുക്കിയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ടാണ്. അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കോട്ടയം, കാസർകോട് ഒഴികെയുളള മറ്റ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.
നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ ഇടുക്കിയിലും എറണാകുളത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയില്ലെങ്കിലും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റ് സംസ്ഥാനത്ത് മഴയ്ക്ക് അനുകൂലമായ സാഹചര്യമാക്കി.