തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. ശനിയാഴ്ച തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കണമെന്നും
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം വരും ദിവസങ്ങളിൽ തമിഴ്നാട്ടില്‍ വീണ്ടും മഴ കനത്തേക്കുമെന്ന മുന്നറിയിപ്പുണ്ട്. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ തമിഴ്നാട്ടിൽ വലിയ നാശനഷ്ടങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്.
പലയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു. നിരവധി പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചത്. ചെന്നൈയിൽ മാത്രം 47 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും പലരും വീടുകളിലേക്ക് മടങ്ങിയിട്ടേ ഉള്ളൂ. അതിനിടയിലാണ് ആശങ്ക നിറച്ച് വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.